കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി രണ്ടാംഘട്ടത്തിൽ…

 

സംയോജിത കൃഷി കാട്ടാക്കട മണ്ഡലത്തിലെ കാർഷിക പുനരുജ്ജീവനത്തിന് അനുയോജ്യ മാതൃകയാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഡോ.തോമസ് ഐസക്. കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പദ്ധതിരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മാറനല്ലൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സംയോജിത കൃഷിയുടെ മാതൃകകൾ കൂടുതൽ പഞ്ചായത്തുകളിൽ വ്യാപകമാക്കണം. ഒറ്റയ്ക്ക് സാധ്യമല്ലാത്തവർ സംഘം ചേർന്ന്‌ സംയോജിത കൃഷി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന്‌ ദിവസമായി വിദഗ്‌ധർ കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച്‌ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തിയിരുന്നു.
മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ തണൽ അഗ്രോഫാം സന്ദർശിച്ചാണ്‌  ബുധനാഴ്ച പരിപാടി ആരംഭിച്ചത്. തുടർന്ന് മാറനല്ലൂർ പഞ്ചായത്തിലെ പൂവൻവിളയിൽ സ്ഥാപിച്ച റോഡ് സൈഡ് റീച്ചാർജിങ്ങും വെളിയംകോട് നിർമിച്ച കാർഷിക കുളവും പള്ളിച്ചൽ പഞ്ചായത്തിലെ പാറക്വാറി റീച്ചാർജിങ്, സർക്കാർ സ്ഥാപനങ്ങളിലെ കിണർ റീച്ചാർജിങ് എന്നിവയും സന്ദർശിച്ചു.
മാറനല്ലൂർ കണ്ടല സ്കൂളിലും പള്ളിച്ചൽ പൂങ്കോട് സ്വിമ്മിങ്‌ പൂൾ അങ്കണത്തിലും ജനപ്രതിനിധികളുമായി സംവാദം നടത്തി. ഐ ബി സതീഷ് എംഎൽഎ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ സുരേഷ് കുമാർ, ടി മല്ലിക, ഭൂവിനിയോഗ ബോർഡ് കമീഷണർ എ നിസാമുദ്ദീൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ഇതോടെ മണ്ഡലത്തിലെ ആറ്‌ പഞ്ചായത്തിലും സംവാദങ്ങൾ പൂർത്തിയായി.
ലഭ്യമായ വിവരങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും ആരാഞ്ഞ് വിശദമായ പദ്ധതി രൂപരേഖ ഉടൻ തയ്യാറാക്കുമെന്ന് ഐ ബി സതീഷ് എംഎൽഎ അറിയിച്ചു