തിങ്കളാഴ്ച ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ

 

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃത്വയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. അതേസമയം സംസ്ഥാനത്ത് വൻ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് പരാമർശം ഇടതുമുന്നണി യോഗത്തിൽ ചർച്ചയായില്ല. സർക്കാർ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ വേണ്ടെന്ന് മുന്നണി യോഗം തീരുമാനമെടുത്തു.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.