ആറ്റിങ്ങൽ നഗരസഭയ്ക്കും പൂവച്ചൽ പഞ്ചായത്തിനും നവകേരള പുരസ്‌കാരം

 

നവകേരള സൃഷ്ടിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുളള ജില്ലകൾക്കായി സർക്കാർ ആവിഷ്‌കരിച്ച ശുചിത്വ നഗരത്തിനും ശുചിത്വ ഗ്രാമത്തിനുമുളള നവകേരള പുരസ്‌കാരം ആറ്റിങ്ങൽ നഗരസഭയ്ക്കും പൂവച്ചൽ ഗ്രാമ പഞ്ചായത്തിനും ലഭിച്ചു. രണ്ടു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പുരസ്‌കാരവുമാണ് ലഭിക്കുക. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണു പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.

പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 16ന് ഉച്ചകഴിഞ്ഞു മൂന്നിനു തദ്ദേശ സ്വയം ഭരണ – ഗ്രാമ വികസന, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവ്വഹിക്കും. നവകേരള കർമ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ അദ്ധ്യക്ഷത വഹിക്കും. തദ്ദേശ സ്ഥാപനതലത്തിൽ എം.എൽ.എമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

ആറ്റിങ്ങൽ നഗരസഭയുടെ പുരസ്‌കാരം ഒ.എസ്.അംബിക എം.എൽ.എയും പൂവച്ചൽ ഗ്രാമ പഞ്ചായത്തന്റേത് ജി. സ്റ്റീഫൻ എം.എൽ.എയും കൈമാറും. ക്യാഷ് അവാർഡായി ലഭിക്കുന്ന തുക മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിനിയോഗിക്കാം.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി വിവിധ തലത്തിൽ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയം നടത്തിയിട്ടുളളത്. ഹരിത കർമ്മസേനയുടെ സുരക്ഷ സംവിധാനങ്ങൾ, വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന വാതിൽപ്പടി ശേഖരണ രീതി, യൂസർഫീ കളക്ഷൻ, മിനി എം.സി.എഫ്, എം.സി.എഫുകളുടെ സ്ഥാപനം, സൗകര്യവും പ്രവർത്തനവും, ആർ.ആർ.എഫ് ലിങ്കേജ്, അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഹരിതകർമ്മസേനയുടെ വരുമാനം, വിട ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഹരിത കർമ്മസേനയുടെ വരുമാനം, ഗ്രീൻ പ്രോട്ടോക്കോൾ, കൂടുകലർന്ന മാലിന്യ പരിപാലന രീതി, പൊതുനിരത്തുകളുടെയും ജലാശയങ്ങളുടെയും സ്ഥിതി, പൊതു പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, നിയമ നടപടികൾ അവലോകന രീതി തുടങ്ങിയ ഘടകങ്ങൾ ഒട്ടാകെ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയം നടത്തിയിട്ടുളളത്.