ഭൂരഹിതരായ 63 പേർക്ക് സ്വന്തം പേരിൽ ഭൂമിയും രേഖകളും നാളെ കൈമാറും

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നാളെ ഭൂരഹിതരായ 63 പേർക്ക് ജില്ലയിൽ സ്വന്തം പേരിൽ ഭൂമിയും രേഖകളും കൈമാറും. നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പട്ടയങ്ങൾ വിതരണം ചെയ്യും.

തിരുവനന്തപുരം താലൂക്കിൽ 13, കാട്ടാക്കട താലൂക്കിൽ 11, ചിറയിൻകീഴ് താലൂക്കിൽ 10, വർക്കല താലൂക്കിൽ മൂന്ന്, നെയ്യാറ്റിൻകര താലൂക്കിൽ ആറ്, നെടുമങ്ങാട് താലൂക്കിൽ 20 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്യുന്നത്.

നെടുമങ്ങാട് താലൂക്കിലെ പട്ടയങ്ങളാകും നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ അതതു താലൂക്കുകളിൽ നടക്കുന്ന ചടങ്ങിലും വിതരണം ചെയ്യും. പട്ടയ വിതരണ ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ. അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജില്ലയിൽ നിന്നുള്ള എംപിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.