മലയോര ഹൈവേ പെരിങ്ങമ്മല – കൊപ്പം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു

 

പെരിങ്ങമ്മല :മലയോര ഹൈവേ പെരിങ്ങമ്മല – കൊപ്പം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന മലയോര പാതയാണ് പെരിങ്ങമ്മല – കൊപ്പം റോഡ്. കിഫ്ബി ധനസഹായതോടെ ആധുനിക രീതിയിൽ 12 മീറ്റർ വീതിയിൽ 9.45 കിലോമീറ്റർ ദൂരത്തിലാണ് റോഡ് പുനരുദ്ധരിക്കുന്നത്. പൊന്മുടി ടൂറിസം മേഖലയ്ക്ക് ഏറെ പുരോഗതി നൽകുന്ന മലയോര ഹൈവേയാണ് പ്രവർത്തനമരംഭിക്കുന്നത്. മികച്ച റോഡുകൾ നിർമ്മിച്ച് വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രധാന പദ്ധതിയിൽ ഒന്നാണ് മലയോര ഹൈവേ നവീകരണം. സംസ്ഥാനത്തെ 1251 കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന മലയോര റോഡുകൾ 42 പദ്ധതികളിലൂടെ 3500 കോടി ചെലവാക്കി നിർമ്മിച്ച് മലയോര സമ്പദ്ഘടനയെ ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു. റോഡിന്റെ വികസനം മലയോര മേഖലയിൽ വിവിധ സാധ്യതകൾ തുറന്ന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെന്നൂരിലെ നജ്‌റാൻ ആഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു. ജി സ്റ്റീഫൻ എം എൽ എ മുഖ്യ അതിഥിയായി. കേരള റോഡ് ഫണ്ട് ബോർഡ് പി എം യു ഡയറക്റ്റർ ദീപ്തി ഭാനു പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ജി കോമളം, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഇന്ദുലേഖ, പെരിങ്ങമ്മല ഗ്രാമ പഞ്ചായത് പ്രസിഡൻറ് ഷിനു മടത്തറ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, മറ്റ് ജനപ്രതിനിധികൾ, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.