തോണിക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ 

 

അഞ്ചുതെങ്ങ്:അഞ്ചുതെങ്ങ് – കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തോണിക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു.

തൂക്കുപാലം സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്നാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അധികൃതർ പാലത്തിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചത്.
ഏ‌ത് സമയവും യാത്രക്കാരോട് കൂടി പാലം നിലം പൊത്തുമെന്ന അവസ്ഥയിലാണ് പാലം.

2010 ൽ ചാലിയാർ പുഴയിലുണ്ടായ അപകടത്തെ തുടർന്ന് പല കടവുകളിലും കടത്തുവള്ളങ്ങൾ ഒഴിവാക്കി തൂക്കുപാലങ്ങൾ പണിയാൻ അന്നത്തെ സർക്കാർ തീരുമാനിച്ചു. അതിന്റെ ഫലമായിട്ടാണ് അഞ്ചുതെങ്ങ് തോണിക്കടവിൽ തൂക്ക് പാലം പണിയാൻ 55 ലക്ഷം രൂപ അനുവദിക്കപ്പെട്ടത്.2011ൽ പാലം പണി പൂർത്തിയാക്കിയെങ്കിലും തൂക്കുപാല നിർമ്മാണത്തിൽ തുടക്കത്തിലെ പ്രശ്നങ്ങളും ആരംഭിക്കുക ആയിരുന്നു. വിവിധ ഘട്ടങ്ങളിലായി ലക്ഷങ്ങൾ ചിലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ പാലം അപകടാവസ്ഥയിലാണ്.

ദിനം പ്രതി നൂറു കണക്കിന് രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി കാൽ നട യാത്രക്കാർ കടന്നുപോകുന്ന തോണിക്കടവ് തൂക്കുപാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ യാത്രക്കാർ ആശങ്കയിലാണ്. പാലത്തിന്റെ അപകടാവസ്ഥ പരിഹരിച്ച് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.