ആറ്റിങ്ങലിൽ കൊവിഡ് പ്രതിരോധ വസ്ത്രമണിഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിയെ പരീക്ഷക്ക് സ്കൂളിലെത്തിച്ചത് കൗൺസിലർ

 

ആറ്റിങ്ങൽ നഗരസഭ കാഞ്ഞിരംകോണം വാർഡ് 20 ലെ കൗൺസിലർ എസ്. സുഖിലാണ് കൊവിഡ് പ്രതിരോധ വസ്ത്രമണിഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിയെ പരീക്ഷക്ക് സ്കൂളിലെത്തിച്ചത്. ഈ മാസം 9 ന് ഇരട്ടപ്പന ക്ഷേത്രത്തിന് സമീപത്തെ ഒരു കുടുംബത്തിലെ വീട്ടമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവരോടൊപ്പം വീട്ടിലെ മറ്റ് 4 അംഗങ്ങളും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. എന്നാൽ ഇതിൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ഇവരുടെ മകന് പരീക്ഷക്ക് സ്കൂളിലെത്താൻ പ്രതിസന്ധി നേരിടുന്നു എന്ന് നാട്ടുകാരിൽ ചിലർ വാർഡു കൗൺസിലറെ വിവരം അറിയിച്ചു. തുടർന്നാണ് കൗൺസിലറും ഡി.വൈ.എഫ്.ഐ നേതാവുമായ എസ്. സുഖിൽ സ്വയരക്ഷ പോലും വെടിഞ്ഞ് കുട്ടിയെ പരീക്ഷാ ഹാളിൽ എത്തിച്ചതും പരീക്ഷക്ക് ശേഷം സുരക്ഷിതമായി തിരികെ വീട്ടിലെത്തിച്ചതും.

ഡി.വൈ.എഫ്.ഐ യിലൂടെ പ്രദേശിക പൊതുപ്രവർത്തന മേഖലയിൽ ഒരുപാട് തവണ മികവ് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 96 വോട്ടിന്റെ തികഞ്ഞ ഭൂരിപക്ഷത്തോടെയാണ് സുഖിലിനെ ജനങ്ങൾ തിരഞ്ഞെടുത്തത്. ആറ്റിങ്ങൽ നഗരസഭാ കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി കൂടിയാണ് 25 കാരനായ ഇദ്ദേഹം. പൊതുപ്രവർത്തന ജീവിതത്തിൽ ഇതുവരെ 32 കൊവിഡ് മൃതദേഹങ്ങൾ ഏറ്റെടുത്തു സംസ്കരിക്കാൻ സുഖിലിന് സാധിച്ചു. കൂടാതെ പട്ടണത്തിലെ സന്നദ്ധ പ്രവർത്തനങ്ങൾക്കും ശുചീകരണ രംഗത്തും എന്നും മുന്നിലുണ്ടാകും ഈ യുവ കൗൺസിലർ. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.