കീഴാറ്റിങ്ങലിൽ നിരവധിപേർക്ക് നേരെ തേനീച്ചയുടെ ആക്രമണം

 

കീഴാറ്റിങ്ങൽ : കീഴാറ്റിങ്ങലിൽ നിരവധിപേർക്ക് നേരെ തേനീച്ചയുടെ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കീഴാറ്റിങ്ങൽ ബാങ്കിന് സമീപം നെടുപ്പുറത്തു കാവ് ദേവീക്ഷേത്രത്തിനു സമീപം വയലിനു അടുത്തുള്ള റോഡ് വശത്ത് കൂടി നടന്നു പോയവർക്ക് തേനീച്ചയുടെ കുത്തേറ്റു. ഒടുവിൽ കഴിഞ്ഞ ദിവസം രാവിലെ ബാങ്കിൽ പോയി തിരിച്ചു വീട്ടിലേക്ക് പോകുകയായിരുന്ന ചരുവിള വീട്ടിൽ ശാന്ത (65)യ്‌ക്ക് കുത്തേറ്റു. തേനീച്ച കൂട്ടമായി ആക്രമിച്ചതിൽ പരിക്കേറ്റ ശാന്ത ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കീഴാറ്റിങ്ങൽ സോപാനത്തിൽ ആയുഷ് (9), അമ്പിളി (50)ക്കും തേനീച്ചയുടെ കുത്തേറ്റു. ഉടൻ തന്നെ ചികിത്സ തേടിയതിനാൽ മറ്റു പ്രശ്നങ്ങൾ ഉണ്ടായില്ല. പരിസരത്ത് തേനീച്ചക്കൂട് എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ നിരവധി പേർക്ക് ഈ അടുത്ത ദിവസങ്ങളിൽ തേനീച്ചയുടെ കുത്തേറ്റു. കാക്കയോ പരുന്തോ തേനീച്ചകൂട് ആക്രമിച്ചിട്ടുണ്ടാവുമെന്നും അതുകൊണ്ടാവും പരിസരത്ത് തേനീച്ച ആക്രമണം ഉണ്ടാകുന്നതെന്നുമാണ് വിവരം. എന്നാൽ അനാവശ്യമായി അതുവഴി യാത്ര ചെയ്യണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല കുട്ടികളും മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കുകയും വേണം.