ശക്തമായ മഴയിൽ വർക്കല, വെട്ടൂർ തീരദേശമേഖലയിൽ കനത്ത നാശം, മതിൽ ഇടിഞ്ഞുവീണ് പത്ര വിതരണക്കാരന് പരിക്ക്

ശനിയാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയിൽ വർക്കല, വെട്ടൂർ തീരദേശമേഖലയിൽ കനത്ത നാശമുണ്ടായി. വർക്കല താലൂക്കിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. തീരമേഖലയിലെ നൂറോളം വീടുകളിൽ വെള്ളം കയറി. റോഡുകളിൽ കൂറ്റൻ വൃക്ഷങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുത ബന്ധം തകരാറിലായി. കടൽക്ഷോഭം രൂക്ഷമായതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളും ആശങ്കയിലാണ്. വെട്ടൂരിലെ താഴെവെട്ടൂർ, റാത്തിക്കൽ, പെരുമം, അരിവാളം, ഇടവയിലെ ഓടയം, ഇടവ, വെറ്റക്കട, കാപ്പിൽ തുടങ്ങിയ മേഖലയിലെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വീടുകളിലും പുരയിടങ്ങളിലുമായാണ് വെള്ളം കയറിയത്.വെട്ടൂർ, റാത്തിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി.കിണറുകൾ ഇടിഞ്ഞുതാഴുകയും പലയിടത്തും മതിലുകൾ തകരുകയും ചെയ്തു.

വർക്കല-അഞ്ചുതെങ്ങ് തീരദേശ റോഡിൽ റാത്തിക്കൽ വലിയ പള്ളിയുടെ മുൻവശത്തുള്ള റോഡ് പൂർണമായും തകർന്നു. ഒന്നരവർഷം മുമ്പും ഈ ഭാഗത്ത് റോഡ് തകർന്നിരുന്നു. അതിന്റെ പുനർനിർമാണം നടക്കുന്ന ഭാഗമാണ് വീണ്ടും ഇടിഞ്ഞത്. ഇതോടെ റോഡിൽ കാൽനടയാത്രപോലും അസാധ്യമായി. ഇതിനുസമീപത്തെ റാത്തിക്കൽ വലിയ പള്ളിയുടെ മതിലിലും തറയിലും പൊട്ടൽ വീണിട്ടുണ്ട്. സ്ഥിതി തുടരുന്നത് പള്ളിക്കും ഭീഷണിയാണ്. പള്ളിയുടെ മതിൽക്കെട്ടിനു പുറമേ അടുത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ മതിൽ വരെയുള്ള ഭാഗം ഇടിഞ്ഞു പോയിട്ടുണ്ട്. ഈ ഭാഗത്ത് ഉറവ നിരന്തരം പ്രവഹിക്കുന്നത് പ്രശ്നമാകുന്നുണ്ട് റാത്തിക്കൽ മദ്രസയുടെ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളംകയറി. അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പ് ചെയ്ത് മാറ്റി. വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി.

വർക്കല ജനാർദനപുരത്തെ അനന്തന്റെ വീട് ശനി പുലർച്ചെ മൂന്നോടെ ഇടിഞ്ഞു വീണു. ഈസമയം അനന്തനും മക്കളും മരുമക്കളും ചെറുമക്കളും വീട്ടിലുണ്ടായിരുന്നു. എല്ലാവരും പുറത്തേക്കോടിയതിനാൽ ആളപായമുണ്ടായില്ല.
ചെറുകുന്നം പന്ത്കളം റോഡ് ഇടിഞ്ഞ് കനാൽ പുറംപോക്കിലേക്ക് വീണ് സമീപവാസികളായ തുളസി, സരസ്വതി, സുശീല, ഹേമ, ബിന്ദു, മഞ്ജു, സുഭദ്ര, ബേബി എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.ഇരുചക്രവാഹനങ്ങൾക്കു കഷ്ടിച്ചു കടന്നുപോകാൻ പാകത്തിൽ അവശേഷിച്ച ഭാഗവും കനത്ത മഴയിൽ ഇടിഞ്ഞതോടെ കാൽനടയാത്രയും അസാധ്യമായി. ഏതാണ്ടു അൻപതിലധികം മീറ്റർ ദൂരത്തിൽ റോഡ് തകർന്നിട്ടുണ്ട്.

5 സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വെട്ടൂർ ആശാൻ മുക്ക്, ചാലു വിള, ചൂള പുര, റാത്തിക്കൽ എന്നിവിടങ്ങളിലാണ് പോസ്റ്റുകൾ ഒടിഞ്ഞുവീണത്. താഴെ വെട്ടൂരിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചിരുന്ന ഭാഗത്തെ മണ്ണിടിഞ്ഞുവീണ് വൈദ്യുതി തകരാറിലായി.വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ഇളപ്പിൽ നാലാം വാർഡിൽ വടക്കേവിള വീട്ടിൽ മുഹമ്മദ്‌ അലിയുടെ വീടിന്റെ കിണർ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു. കൈതക്കോണം സുധ നിവാസിൽ മോഹൻദാസിന്റെ വീട്ടിനുള്ളിൽ വെള്ളം കയറുകയും ചുറ്റുമതിൽ ഇടിഞ്ഞു വീഴുകയും ചെയ്തു. ഇലകമണിൽ 13-ാം വാർഡ് നടുതല വീട്ടിൽ രാജലക്ഷ്മി അമ്മയുടെ വീട്ടിലെ കിണർ പൂർണമായി ഇടിഞ്ഞു താഴ്ന്നു. ശിവഗിരി കൈതക്കോണം ഗണപത് വീട്ടിൽ ദശമിയുടെ വീട്ടിലെ കിണറും ഇടിഞ്ഞു.

ചെറുകുന്നത്ത് നിന്നു വെള്ളം ഒഴുകി തൊടുവേയിൽ എത്തിച്ചേരുന്ന തോടിൽ ചെറുകുന്നം മുസ്‌ലിം പള്ളിക്ക് സമീപം മൂന്നു റോഡുകൾ ചേരുന്ന ഭാഗത്ത് ജലനിരപ്പ് ഉയർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ചെറുകുന്നം പള്ളിക്ക് തെക്ക് വശത്ത് താഴ്ന്നപ്രദേശത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 1.5 മീറ്ററോളം ഉയരത്തിൽ വെള്ളമുയർന്നു സമീപത്തുള്ള സുൽഫിക്കറുടെ വീടിനോട് ചേർന്നുള്ള രണ്ട് ചുറ്റുമതിലുകൾ തകർന്നു. താഴ്ന്നപ്രദേശത്തെ റോഡുകളിലെല്ലാം വെള്ളത്തിനടിയിലായി. വെട്ടൂർ ഏലാതോട് കരകവിഞ്ഞതിനെ തുടർന്നു താഴ്ന്ന പ്രദേശത്തെ ഏതാനും വീടുകളിലേക്ക് വെള്ളം കയറി.

ശിവഗിരി പന്തുകളം കനാൽ പുറമ്പോക്ക് റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ചെറുന്നിയൂരിൽ തെങ്ങുവീണ് സ്വകാര്യ വ്യക്തിയുടെ മതിൽ തകർന്നു.കുരയ്ക്കണ്ണി വിളകുളം സബ്സ്റ്റേഷന്റെ മുൻവശത്ത് വെള്ളക്കെട്ട് രൂപംകൊണ്ടത് ഫയർഫോഴ്സ് എത്തിയാണ് പമ്പ് ചെയ്ത് നീക്കിയത്.വർക്കല തിരുവമ്പാടി മേഖലയിലുള്ള ഇടറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടവ, ഇലകമൺ, ചെമ്മരുതി, ചെറുന്നിയൂർ എന്നിവിടങ്ങളിലെ നെൽപ്പാടങ്ങളിൽ വെള്ളംകയറി കൃഷിനാശവും ഉണ്ടായി.വർക്കല നഗരസഭയിലെ പതിനാലാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലും വെള്ളം കയറി.

ശിവഗിരി എസ്.എൻ കോളേജിന്റെ മതിൽ തകർന്നുവീണ് പത്ര വിതരണക്കാരനായ ശ്രീനിവാസപുരം രാധാമന്ദിരത്തിൽ ആർ. രാകേഷിന് (28)ന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറുമണിയോടെ ബൈക്കിൽ പത്രവിതരണത്തിനായി പോകുന്നതിനിടെയാണ് 12 അടിയോളം ഉയരമുള്ള മതിൽ രാകേഷിന്റെ മുകളിലേക്ക് തകർന്ന് വീണത്. ഏറെനേരം അബോധാവസ്ഥയിൽ കിടന്ന രാകേഷിനെ സമീപത്തെ ഗ്യാസ് ഗോഡൗണിലെ ജീവനക്കാർ എത്തിയാണ് രക്ഷിച്ചത്. രാകേഷിന്റെ കൈകാലുകൾക്ക് പൊട്ടലുണ്ട്. മുൻവശത്തെ രണ്ടു പല്ലുകളും തകർന്നു. ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. രാകേഷിനെ വർക്കല ശിവഗിരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വർക്കല വെട്ടൂർ മേഖലയിലും വ്യാപകമായ നാശനഷ്ടമുണ്ടായി. വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. കോൺക്രീറ്റ് റോഡുകളും തകർന്നു.

ടി.എസ് കനാലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റാത്തിക്കൽ വലിയ പള്ളിയുടെ മുൻവശത്തെ റോഡ് പൂർണമായും തകർന്നു. റാത്തിക്കൽ വലിയ പള്ളിയും അപകടഭീഷണിയിലാണ്. വി. ജോയി എം.എൽ.എ,​ റവന്യൂ അധികൃതർ തുടങ്ങിയവർ മഴക്കെടുതിയുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. അടിയന്തര സാഹചര്യം നേരിടാൻ വർക്കല താലൂക്കിൽ കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: -04702613222.