Search
Close this search box.

മാല പിടിച്ചുപറി പരമ്പര ; കല്ലമ്പലത്ത് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു.

eiKOS2368357

 

കല്ലമ്പലം : കല്ലമ്പലം , അയിരൂർ , പാരിപ്പള്ളി പോലിസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പരമ്പരയായി സ്ത്രീകളുടെ മാല പൊട്ടിച്ച ഏഴംഗ സംഘത്തെ കല്ലമ്പലം പോലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.

വർക്കല ,മുത്താന, ചെമ്മരുതി ബി.എസ്.നിവാസിൽ ചന്ദു എന്ന ശരത് ( 28) ,വടശ്ശേരികോണം പനച്ചവിള വീട്ടിൽ ശ്രീകുട്ടൻ എന്ന ശ്രീകാന്ത്( 27) ,പരവൂർ കുന്നിൽ വീട്ടിൽ നിന്നും ഞെക്കാട് വാടകക്ക് താമസിക്കുന്ന നന്ദു( 18) , ഞെക്കാട് ,തെറ്റിക്കുളം ചരുവിളവീട്ടിൽ അമൽ ( 22) ആനയറ , വെൺപാല വട്ടം , ഈറോസ് കളത്തിൽ വീട്ടിൽ നിന്നും ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഖിൽ ( 22) കല്ലമ്പലം മാവിൻമൂട് , അശ്വതി ഭവനിൽ ആകാശ് ( 19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ഒരു വിദ്യാർത്ഥിയും കേസ്സിൽ പിടിയിലായ സംഘത്തിൽ ഉണ്ട്.

പിടിയിലായ ശരത് ആണ് സംഘതലവൻ.മദ്യവും , മയക്കുമരുന്നും നൽകിയാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കൊണ്ട് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്യിച്ചിരുന്നത്. മാല പിടിച്ച് പറിക്കായി ഇരുചക്രവാഹനങ്ങൾ നൽകിയിരുന്നതും ഇയാളായിരുന്നു. കൃതൃത്തിനായി ഉപയോഗിച്ച രണ്ട് ടു വീലറുകളും കണ്ടെടുത്തിട്ടുണ്ട്. പൊട്ടിച്ച് കൊണ്ടുവരുന്ന സ്വർണ്ണാഭരണങ്ങൾ പണയം വെക്കുന്നതും വിൽപ്പന നടത്തിയിരുന്നതും ഇയാളുടെ നേതൃത്വത്തിൽ ആയിരുന്നു. ഒരേ സംഘമാണ് മാലപൊട്ടിക്കുന്നത് എന്ന് പോലീസ് മനസ്സിലാക്കാതിരിക്കാനായി ഓരോ പൊട്ടിപ്പിന് ശേഷവും സംഘാംഗങ്ങളെ ഇയാൾ മാറ്റിയിരുന്നു. പിടിയിലായ ശ്രീകാന്ത് നേരത്തേ അനവധി കേസ്സുകളിൽപെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. കല്ലമ്പലം പോലീസിന്റെ റൗഡി ലിസ്റ്റിൽ പെട്ട ഇയാളാണ് മാലപൊട്ടിക്കുന്നതിൽ വിദഗ്‌ദൻ. ചെറിയ കച്ചവടം ചെയ്ത് ഉപജീവനം നടത്തിവന്നിരുന്ന പ്രായമായ സ്ത്രീകളേയും , കാൽനട യാത്രക്കാരെയുമാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യംവെയ്ക്കുന്നത്.

പനയറ തൃപ്പൊരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം വെച്ച് സൗമ്യ എന്ന സ്ത്രീയുടെ മാല പൊട്ടിച്ചതും , നെല്ലിക്കോട് പനച്ചു വിള വീട്ടിൽ 62 വയസ്സ് പ്രായമുള്ള കമലമ്മയുടെ മലക്കറി കടയിൽ കയറി മാല പിടിച്ചുപറിച്ചതും , കല്ലമ്പലം മേനപ്പാറ അമ്പിളി വിലാസത്തിൽ 70 വയസ്സ് പ്രായമുള്ള രത്നമ്മയുടെ പെട്ടിക്കടയിൽ കയറി മാല പൊട്ടിച്ചതും , പനയറ കുന്നത്ത് മല കുഴിവിള വീട്ടിൽ ഷീലയുടെ മാല വീടിന് മുൻവശം റോഡിൽ വെച്ച് പൊട്ടിച്ചതും ഇവരുടെ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവർ പൊട്ടിച്ച സ്വർണ്ണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു . കല്ലമ്പലം പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസ്സും , അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സും ഇതോടെ തെളിഞ്ഞു. കൂടാതെ പാളയംകുന്നിലും , പാരിപ്പള്ളിയിലുമായി മൂന്നിടത്ത് ഇവർ പൊട്ടിച്ചത് മുക്കുപണ്ടങ്ങൾ ആയിരുന്നു.

പരമ്പരയായി നടന്ന മാലപിടിച്ച് പറികളെ തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധു ഐ.പി.എസ്സ് വർക്കല ഡി.വൈ.എസ്.പി പി. നിയാസ്സിന്റെയും , ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ പ്രതികൾ ഇടക്ക് എറണാകുളത്ത് ലോഡ്ജിലേക്ക് താമസം മാറ്റിയിരുന്നു. അവിടെ നിന്നും വീണ്ടും നാട്ടിൽ എത്തി അടുത്ത മാലപൊട്ടിക്കൽ പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് പിടിയിലായത്.

കല്ലമ്പലം പോലീസ് ഇൻസ്‌പെക്ടർ ഐ.ഫറോസ്സിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ ചന്ദ്രശേഖരൻ , ജയരാജ് ,വിജയകുമാർ, അനിൽ എ.എസ്.ഐ സലീം ,സുനിൽ, സുനിൽകുമാർ സി.പി.ഒ വിനോദ് ഡാൻസാഫ് ടീമിലെ എ.എസ്.ഐ ബി.ദിലീപ് , ആർ.ബിജുകുമാർ സി.പി.ഒ അനൂപ് , സുനിൽരാജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

ജില്ലക്ക് അകത്തും പുറത്തുമായി അനവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും , മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് വേഗത്തിൽ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തുന്ന തുടർ അന്വേഷണത്തിലൂടെ ഇവർ ചെയ്തിട്ടുള്ള കൂടുതൽ സമാനകേസ്സുകൾ തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!