ചിറയിൻകീഴ് താലൂക്കിൽ നിരവധി വീടുകൾക്ക് നാശം

ആറ്റിങ്ങൽ നഗരസഭയിലെ ക്യാമ്പ് ചെയർപേഴ്സൺ അഡ്വ എസ് കുമാരി സന്ദർശിച്ചപ്പോൾ

 

ചിറയിൻകീഴ്: ശക്തമായ മഴയിൽ ചിറയിൻകീഴ് താലൂക്കിൽ നാല് വീടുകൾ തകർന്നു.നിരവധി വീടുകളിൽ വെള്ളംകയറി. ഏക്കർ കണക്കിന് ഭൂമിയിലെ കൃഷി നശിച്ചു. മൂന്ന് ക്യാമ്പുകളിലായി 9 കുടുംബങ്ങളിൽ നിന്നുള്ള 33പേരെ മാറ്രിപ്പാർപ്പിച്ചു.കിഴുവിലം ഗ്രാമപഞ്ചായത്തിലെ ൽ 18,​19 വാർഡുകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ പടനിലം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 3 കുടുംബങ്ങളിലെ 14പേരാണ് ഇവിടെയുള്ളത്. ആറ്റിങ്ങൽ നഗരസഭയിൽ കുന്നുവാരം യു.പി.എസിലാണ് ക്യാമ്പ്. ഇവിടെ 3 കുടുംബങ്ങളിൽ നിന്നായി 9 പേർ എത്തിയിട്ടുണ്ട്. കിഴുവിലം പുരവൂർ എസ്.വി. യു.പി.എസിൽ ആരംഭിച്ച ക്യാമ്പിൽ 3 കുടുംബങ്ങളിലെ 10പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.

അഴൂർ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുഴിയം കോളനിയിൽ വെള്ളം കെട്ടി നിന്ന് ഇരുപതോളം വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ പറ്റി. ബേബി ഭവനിൽ ബേബിയുടെ രണ്ട് പോത്തുകൾ വെള്ളക്കെട്ടിൽ വീണ് ചത്തു. ഏകദേശം എഴുപതിനായിരം രൂപയുടെ നാശം കണക്കാക്കുന്നു. കുഴിയം കോളനിയിലെ മിക്ക വീടുകളും നാല് വശവും വെള്ളത്താൽ മൂടപ്പെട്ട അവസ്ഥയിലാണ്. ഇക്കാരണത്താൽ തന്നെ വീട്ടുകാർ പുറത്തിറങ്ങാനും തിരിച്ച് വീട്ടിൽ കയറാനുമെല്ലാം ബുദ്ധിമുട്ടുകയാണ്. ഇവരുടെ വീടുകളിലേക്ക് പോകുന്ന വഴികളിലുമെല്ലാം വെള്ളമാണ്. അഴൂർ കരിക്കകം തിട്ടവീട്ടിൽ ശ്യാമളയുടെ കിണർ ഇടിഞ്ഞ് താഴ്ന്നു. അവൂർ വയൽത്തിട്ടവീട്ടിൽ ലതയുടെ ആട് മഴക്കെടുതിയിൽ ചത്തു. മേൽകടയ്ക്കാവൂർ പഴഞ്ചിറ കലിംഗ് ഭാഗികമായി തകർന്നു. പഴഞ്ചിറ പാഠശേഖര സമിതിക്ക് സമീപമുളള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് നിരവധി കുടുംബംഗങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ശാർക്കര – വലിയകട റോഡിൽ റോഡരികിലെ മതിൽ അടർന്ന് വീണു. കലപോഷിണി, പുതുക്കരി, ആനത്തലവട്ടം, ചിലമ്പ്, പെരുങ്ങുഴി കടവ് , അഴൂർ മൂന്നാറ്റ് മുക്ക് തുടങ്ങിയ ഇടങ്ങളിലെല്ലാം വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്