കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

കനത്ത മഴയിൽ കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൃഷിക്കും നാശനഷ്ടമുണ്ടായി. പൂവച്ചൽ പഞ്ചായത്തിൽ ആനാകോട് ഏലായിൽ ബണ്ട് തകർന്ന് നെല്ല്, വാഴ എന്നിവയുടെ ഒരേക്കറോളം കൃഷി നശിച്ചു.രണ്ടു പതിറ്റാണ്ടിനു ശേഷം കൃഷിഭവനുമായി ചേർന്ന് കർഷകക്കൂട്ടായ്മ നെൽക്കൃഷിയിറക്കിയ വയലാണ് വെള്ളം കയറിക്കിടക്കുന്നത്. മൂന്നാഴ്ച മുമ്പായിരുന്നു ഇവിടെ ഞാറുനട്ടത്. നൂറുകണക്കിനു വാഴയും നശിച്ചു. ചായ്ക്കുളത്ത് ഓട നിറഞ്ഞ് റോഡിലൂടെ വെള്ളം കുത്തിയൊഴുകി ഇരുവശത്തുമുള്ള പല വീടുകളിലും വെള്ളം കയറി. കുറ്റിച്ചൽ ജങ്ഷൻ പൂർണമായും വെള്ളത്തിനടിയിലായി. സമീപത്തെ താഴ്ന്ന കൃഷിയിടങ്ങളും വെള്ളം കയറിയ നിലയിലാണ്.