പള്ളിച്ചൽ പഞ്ചായത്തും വാതിൽപ്പടി സേവനത്തിലേക്ക്

സഹായിക്കാൻ ആരുമില്ലാത്തവർക്കൊപ്പം സർക്കാരുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ വാതിൽപ്പടി സേവന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് പഞ്ചായത്തുകൾ എല്ലാ സഹായവും നൽകി. സേവനപ്രവർത്തനങ്ങൾ എന്താണെന്ന് ജനങ്ങൾക്ക് കോവിഡ് കാലത്ത് നേരിട്ട് ബോധ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ ആദ്യഘട്ടത്തിൽ വാതിൽപ്പടി സേവനം നടപ്പാക്കുന്നത് കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലാണ്. കാട്ടാക്കട, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ, മലയിൻകീഴ് പഞ്ചായത്തുകളിൽ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. അവശത അനുഭവിക്കുന്നവർക്കും സർക്കാർ സേവനങ്ങൾ യഥാസമയം ലഭിക്കാത്തവർക്കും വീട്ടുപടിക്കൽ ജീവൻരക്ഷാ മരുന്നുകളും സർക്കാർ സേവനങ്ങളും എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം.

ഐ ബി സതീഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി.സുരേഷ്‌കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ത്രിതലപഞ്ചായത്ത്് അംഗങ്ങൾ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്തു.