കിളിമാനൂർ മേഖലയിൽ മഴ നാശം വിതച്ചു

 

കിളിമാനൂർ : കിളിമാനൂർ മേഖലയിൽ വീടുകൾക്ക് നാശം. കിളിമാനൂർ പഞ്ചായത്തിൽ അയ്യപ്പൻകാവ് നഗർ കുന്നിൽ വീട്ടിൽ പൊന്നമ്മയുടെ വീട് മഴയിൽ തകർന്നു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. അടയമൺ പയ്യനാട് ചരുവിള പുത്തൻ വീട്ടിലെ രാധയുടെ വീടിന് പിറകിൽ മണ്ണിടിഞ്ഞ് വീണ് വൻ നാശനഷ്ടം സംഭവിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഷെഡിൽ കടയിൽ ചാറയം ചരുവിള വീട്ടിൽ രാധയുടെ വീട്ടിന് സമീപമുള്ള തോട് നിറഞ്ഞൊഴുകി മണ്ണിടിച്ചിലുണ്ടായി.

പുളിമാത്ത് പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ സോമന്റെ വീട് മഴയിൽ തകർന്നു. നഗരൂർ പഞ്ചായത്തിലെ വലിയകാട് അങ്കണവാടിയുടെ മതിൽ തകർന്നു. പഞ്ചായത്തിലെ തന്നെ വെള്ളല്ലൂർ വട്ടവിള സജീവ്, ചെമ്മരത്ത് മുക്ക് വാരിയർ വീട്ടിൽ ദീപയുടെ വീടും മഴയിൽ പൂർണമായും തകർന്നു. നഗരൂർ കുന്നാട്ടുകോണത്ത് ശിവാലയത്തിൽ ബിജുവിന്റെ വീടിന് ചുറ്റും വെള്ളം കയറുകയും ഇതേ തുടർന്ന് വീടിനകത്തെ തറയിലെ ടൈൽ താഴ്ന്നു പോകുകയും ചെയ്തു. ഇവരെ ഇവിടെ നിന്ന് മാറി താമസിക്കാൻ പഞ്ചായത്ത് നിർദേശം നൽകി.