മലയിൻകീഴിൽ ക്ഷേത്രങ്ങളിൽ മോഷണം.

 

മലയിൻകീഴ് വാറുവിളാകം ശിവനാഗേശ്വര ക്ഷേത്രത്തിലും ആൽത്തറ ഭഗവതി ക്ഷേത്രത്തിലും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നു.ശിവനാഗേശ്വര ക്ഷേത്ര ഓഫീസ് മുറിയുടെ വാതിൽ പൊളിച്ച് സ്വർണപ്പൊട്ടുകൾ, മൂക്കുത്തി എന്നിവയും മോഷ്ടിച്ചു. ഇന്നലെ രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.വെള്ളിയാഴ്ച രാത്രി മഴ പെയ്‌ത സമയത്ത് ആൽത്തറ ഭഗവതി ക്ഷേത്രത്തിന് മുന്നിലൂടെ ബർമുഡ ധരിച്ച യുവാവ് കമ്പിപ്പാരയുമായി പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 40,000 രൂപ നഷ്ടപ്പെട്ടെന്നാണ് ക്ഷേത്രഭാരവാഹികൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ക്ഷേത്രത്തിന് സമീപത്തുനിന്ന് രണ്ട് കമ്പിപ്പാരയും പിക്കാസും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ആൽത്തറ ഭഗവതി ക്ഷേത്രത്തിന് മുന്നിലിരുന്ന കാണിക്കവഞ്ചിയിലെ പണം മാത്രമേ കവർന്നിട്ടുള്ളു. ആരാധന സമയം കഴിഞ്ഞാൽ സാധാരണയായി കാണിക്കവഞ്ചി ക്ഷേത്രത്തിനകത്ത് വയ്‌ക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാണിക്കവഞ്ചിയെടുത്ത് മാറ്റിയിരുന്നില്ല. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദർ, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവെടുത്തു.