റാങ്കുകാരിക്ക് സ്വപ്നം സിവിൽ സർവീസ്, പക്ഷെ ഇപ്പോൾ തട്ടുകടയിൽ തിരക്കിലാണ്….

 

വക്കം : കേരള സർവകലാശാലയിൽ നിന്നും എംഎ സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ വക്കം സ്വദേശിനി സരിഗ എന്ന 24 കാരിക്ക് സിവിൽ സർവീസ് ആണ് സ്വപ്നം. പക്ഷേ കുടുംബത്തിന്റെ താങ്ങായിരുന്ന പിതാവ് അകാലത്തിൽ മരിച്ചതോടെ അമ്മയുടെ കൂട്ട് മാത്രം കരുത്താക്കി ജീവിക്കാൻ തട്ടുകട നടത്തുന്നത്.

കഴിഞ്ഞ ഓണത്തിന്റെ തലേ ദിവസമാണ് ഭാര്യയും രണ്ടുപെൺമക്കളുമടങ്ങുന്ന കുടുംബത്തെ ഇരുട്ടിലാക്കി കുടുംബനാഥൻ സുരേഷ്( 61)  വീട്ടിൽ കുഴഞ്ഞുവീണു മരിച്ചത്. വക്കം റൂറൽ ഹെൽത്ത് സെന്ററിനു മുന്നിൽ സുരേഷ് നടത്തിയിരുന്ന തട്ടുകടയായിരുന്നു കുടുംബത്തിന്റെ ഏകവരുമാന മാർഗം.ഭർത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ മനംനൊന്തു വക്കം പുതുവിളാകത്തു വീട്ടിൽ ഗംഗ പകച്ചുനിന്നപ്പോഴാണു മക്കളിൽ ഇളയവളായ‍ സരിഗ അച്ഛന്റെ തട്ടുകട തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനമെടുത്തത്. പിന്നെ വീണ്ടും ആ പഴക്കമേറെയുള്ള സൈക്കിൾ തട്ടുകട സജീവമായി. രാവിലെയും വൈകിട്ടും മൂന്നുമണിക്കൂറാണു ചായയും പലതരം വടകളും അടങ്ങുന്ന സരിഗയുടെ തട്ടുകടയിലെ കച്ചവടം. വട പൊരിക്കലും ചായ അടിക്കലുമെല്ലാം സരിഗ തന്നെയാണ്. കൂട്ടിന് അമ്മയുമുണ്ട്. സ്കൂൾ തലം മുതൽ പഠനത്തിൽ മികവുണ്ടായിരുന്ന സരിഗ പിഎച്ച് ഡി ക്കു ചേർന്നിട്ടുണ്ട്. ഒപ്പം സിവിൽ സർവീസ് ലക്ഷ്യമാക്കിയുള്ള പഠനവും തട്ടുകട ജോലിക്കൊപ്പം തുടരുന്നുണ്ട്. മറ്റൊരു മികച്ച ജോലിക്കു വേണ്ടിയുള്ള പരിശ്രമവും സരിഗ നടത്തുന്നുണ്ട്. സരിഗയുടെ മൂത്ത സഹോദരി വിവാഹിതയായി കൊല്ലത്താണ്.