ശക്തമായ മഴയിൽ വർക്കലയിലും നാശം

 

വർക്കല : ശക്തമായ മഴയിൽ വർക്കലയിലും നാശം.ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഞെക്കാട് അമ്പിളി മുക്കിന് സമീപം മനു സദനത്തിൽ രാഘവൻ ഉണ്ണിത്താന്റെ ഓട് പാകിയ വീട് ഭാഗികമായി ഇടിഞ്ഞു വീണു. വീടിന്റെ അടുക്കള ഭാഗവും കിടപ്പുമുറികളുടെ ചുമരുകളും ഇടിഞ്ഞു വീണു. ചെമ്മരുതി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14ൽ കടയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷക്കിറിന്റെ വീടിനു സമീപത്ത് കുന്ന് ഇടിഞ്ഞു വീണു. ആളാപായം ഇല്ല.

ചിലക്കൂർ, വള്ളക്കടവ്, റാത്തിക്കൽ, അരിവാളം, തൊട്ടിൽപാലം, എന്നീ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. പ്രധാന റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. നടയറ ജംഗ്ഷനിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ദുരിതമായി. ജവഹർ പാർക്കിന് സമീപത്തെ വെള്ളക്കെട്ടും അപകട ഭീഷണി ഉയർത്തുകയാണ്. പാപനാശം തിരുവമ്പാടി എന്നിവിടങ്ങളിലെ ഇടറോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇടവ മേക്കുളം, കാക്കുളം,പൂത്തകുളം, എന്നീ നെൽപ്പാടങ്ങളിൽ വെള്ളം കയറി.