ജി.കെ പിള്ള അന്തരിച്ചു

 

സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള  അന്തരിച്ചു. 97 വയസ്സായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രായമുള്ള നടൻ കൂടിയാണ് ജികെ പിള്ള. ആറര പതിറ്റാണ്ടിന്റെ അഭിനയ ജീവിതത്തിനാണ് തിരശീല വീണത്.

വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് ജി കേശവപിള്ളയെന്ന ജി കെ പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം.പ്രേം നസീറും ജികെയും ശാർക്കര ദേവീക്ഷേത്രമൈതാനിയിൽ ഒരുമിച്ചു കളിച്ചുവളർന്നവർ. പ്രേംനസീർ 1926 ഏപ്രിൽ ഏഴിനാണ്‌ ജനിച്ചതെങ്കിൽ ജി കെ പിള്ള ജനിച്ചത്‌ 1924 ജൂലൈ ആറിന്‌. ജി കെ പിള്ള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും നസീർ നായകനായ സിനിമകളിൽ.

പട്ടാളജീവിതം ഉപേക്ഷിച്ചാണ്‌ സിനിമാപ്രവേശം. 14-ാം വയസ്സിൽ സ്വാതന്ത്ര്യസമരക്കാർക്കൊപ്പം കൂടിയ വിദ്യാർഥി. കർക്കശക്കാരനായ അച്ഛന്റെ എതിർപ്പിനെ തുടർന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ്‌ പട്ടാളത്തിൽ. സ്വാതന്ത്ര്യാനന്തരം വർഗീയകലാപങ്ങളിൽ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു.

തിക്കുറിശ്ശി മുതൽ ദിലീപുവരെയുള്ള നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്‌. സീരിയലുകളിൽ അഭിനയം തുടർന്നുകൊണ്ടിരുന്നു. സത്യൻ, നസീർ, കൊട്ടാരക്കര, കെ പി ഉമ്മർ, മധു, രാഘവൻ, വിൻസന്റ്, സുധീർ, സുകുമാരൻ, സോമൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായിരുന്ന ജി കെ. കാര്യസ്ഥൻ എന്ന സിനിമയിൽ മധുവിനൊപ്പമുള്ള കാരണവർ വേഷമാകും പുതിയ തലമുറയ്‌ക്ക്‌ പരിചിതം. എത്രയോ വടക്കൻപാട്ട് സിനിമകളിൽ യോദ്ധാവായും തിളങ്ങി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാൾപ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ അനായാസം നടത്താൻ പ്രത്യേക വൈദഗ്‌ധ്യമുണ്ടായിരുന്നു.325 ഓളം സിനിമകളിൽ അഭിനയിച്ചു.