വെട്ട് കേസിലെ പ്രതിയെ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, അഴുകിയ നിലയിലായിരുന്ന മൃതദേഹം താഴെ ഇറക്കാൻ പാടുപെട്ടു

കിളിമാനൂർ: വെട്ട് കേസിലെ പ്രതിയും തെങ്ങ് കയറ്റ തൊഴിലാളിയുമായ അടയമൺ, ഷെഡിൽക്കട, ശാലു ഭവനിൽ ബിനു (45)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി ഭാര്യയുമായി പിണങ്ങി തട്ടത്തുമല ,പറണ്ടക്കുഴിയിൽ താമസിക്കുകയായിരുന്നു ബിനുവെന്ന് പറയപ്പെടുന്നു. പറണ്ടക്കുഴിയിലുള്ള വീടിന് സമീപത്തെ റബ്ബർ മരത്തിൽ ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ റബ്ബർ പണിക്കായി എത്തിയ തൊഴിലാളികൾ പ്രദേശത്തെ ദുർഗന്ധം കാരണം നടത്തിയ പരിശോധനയിലാണ് ബിനുവിനെ മരത്തിന് മുകൾ ഭാഗത്തായി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ കിളിമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം കടയ്ക്കൽ ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മണിക്കൂറുകളോളം പരിശ്രമിച്ചാണ് മൃതദേഹം താഴെ എത്തിച്ചത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

മൃതദേഹത്തിന് മൂന്നിലധികം ദിവസത്തെ പഴക്കം ഉള്ളതായാണ് പ്രാഥമിക നിഗമനം. ഈ മാസം പതിനാറാം തീയതി വൈകുന്നേരം സുഹൃത്തും ബന്ധുവും കൂടിയായ ഷിനുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി കൂടിയാണ് മരിച്ച ബിനു. പിന്നീട് ബിനു ഒളിവിലായിരുന്നു. സംഭംവം നടന്ന ശേഷം ബിനു തൂങ്ങി മരിച്ചതാകാം എന്നാണ് നിഗമനം.