പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

 

പൂവച്ചൽ: പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ടി. സനൽ കുമാറായിരുന്നു പ്രസിഡന്റ്. 23 അംഗ ഭരണസമിതിയിൽ സി.പി.എം:6,​ സി.പി.ഐ: 3,​ കോൺഗ്രസ്: 7,​ ബി.ജെ.പി:6,​ സ്വതന്ത്രൻ:1 എന്നിങ്ങനെയാണ് കക്ഷിനില.

കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുന്നു,​ ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന സംഘമാണ് പഞ്ചായത്ത് ഭരിക്കുന്നത് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി. അംഗങ്ങളും സ്വതന്ത്രനും ഇതേ നിലപാടെടുത്തതോടെ ഒൻപതിനെതിരെ 14 വോട്ടുകൾക്ക് അവിശ്വാസപ്രമേയം പാസാക്കുകയായിരുന്നു.

ജനവിശ്വാസത്തിലൂടെ തുടർഭരണം നേടിയെടുത്തവരെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ പുറത്താക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിച്ചതെന്നാണ് എൽ.ഡി.എഫ് ആരോപണം. എന്നാൽ പരസ്പരം നീക്കുപോക്കുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും പഞ്ചായത്തിന്റെ പൊതുവായ പ്രശ്നം എന്ന നിലയ്ക്കാണ് അവിശ്വാസ പ്രമേയത്തെ ഒരുപോലെ അനുകൂലിച്ചതെന്നുമാണ് കോൺഗ്രസും ബി.ജെ.പിയും പറയുന്നത്. പ്രസിഡന്റ് സ്ഥാനം സംവരണമായതിനാൽ ടി. സനൽകുമാർ തന്നെയാകും അടുത്ത തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥി. എന്നാൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ അവിശ്വാസത്തിൽ ഒരുമിച്ചുനിന്ന കോൺഗ്രസും ബി.ജെ.പിയും എന്തുനിലപാട് സ്വീകരിക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്