രസം രസകരം ഇനി ഇംഗ്ലീഷ് പഠനം – കിളിമാനൂരിൽ ആഘോഷമായി ഹലോ ഇംഗ്ലീഷ് പദ്ധതി .

 

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ചേർന്ന് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയായ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്ഘാടനം കിളിമാനൂർ ബി ആർ സി യുടെ, പരിധിയിലുള്ള സ്കൂളുകളിൽ നടന്നു. കളികളിലൂടെയും രസകരമായ പ്രവർത്തനങ്ങളിലൂടെയും ആഹ്ലാദകരമായ ഇംഗ്ലീഷ് അന്തരീക്ഷം ക്ലാസ് മുറിയിൽ ഒരുക്കിക്കൊണ്ട് കുട്ടികളിൽ നവോന്മേഷം നിറയ്ക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് കിളിമാനൂരിൽ കുട്ടികളുടെ വിവിധ പ്രകടനങ്ങളോടു കൂടിയാണ് തുടക്കമായത്..നേരത്തെ തന്നെ സബ്ജില്ലയിലെ മുഴുവൻ പ്രൈമറി അധ്യാപകർക്കും ഓൺലൈനായി ഹലോ ഇംഗ്ലീഷ് പരിശീലനം നൽകിയിരുന്നു. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ മനോജ് ഗവൺമെൻറ് വി വി എൽപിഎസ് കിളിമാനൂരിൽ വച്ച് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷനായ ഉദ്ഘാടന വേദിയിൽ ബഹു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ആശംസാ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ശാന്തകുമാരി അമ്മാൾ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബി പി സി സാബു വി.ആർ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ എം എൻ ബീന, ഹലോ ഇംഗ്ലീഷ് സ്റ്റേറ്റ് ആർ പി യായ ടി വിനോദ് പരിശീലകരായ ബി ഷാനവാസ് വൈശാഖ് കെ എസ് തുടങ്ങിയവർ പങ്കെടുത്തു.ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ബ്ലോക്ക് തല ഉദ്ഘാടനത്തോടൊപ്പം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ സ്കൂൾ പഞ്ചായത്ത് തല ഉദ്ഘാടനങ്ങൾ നടന്നു.

നഗരൂർ
നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി സ്മിത ഗവൺമെൻറ് എൽപിഎസ് വെള്ളല്ലൂരിൽ ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം നടത്തി. പി.ടി.എ പ്രസിഡൻ്റ് ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപിക ബിന്ദു സ്വാഗതം പറഞ്ഞു. സി.ആർ സി കോർഡിനേറ്റർ സ്മിത പി കെ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ഉഷ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീദേവി അമ്മ നന്ദി പറഞ്ഞു.

കരവാരം
കരവാരം പഞ്ചായത്ത് തല ഉദ്ഘാടനം ഗവൺമെൻറ് യുപിഎസ് വഞ്ചിയൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഷിബുലാൽ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജീർ രാജകുമാരി അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് പുഷ്കല സ്വാഗതം പറഞ്ഞു. കിളിമാനൂർ ബി പി സി സാബു വി.ആർ ട്രെയിനർ ടി വിനോദ് തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ ഷീബ ,അധ്യാപകരായ മഞ്ജുമോൾ പി, റെജീന എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്യാം നന്ദി അറിയിച്ചു.

പുളിമാത്ത്
പുളിമാത്ത് ഗ്രാമപഞ്ചായത്ത് തല ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം പ്രസിഡൻറ് ജി.ശാന്തകുമാരി ജി.എൽ.പി.എസ് പുളിമാത്തിൽ വച്ച് നിർവഹിച്ചു.

പള്ളിക്കൽ
പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കുട്ടികളുടെ ഹലോ ഇംഗ്ലീഷ് പ്രകടനങ്ങളോടൊപ്പം ജി.എൽ .പി.എസ് പകൽക്കുറിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം ഹസീന നിർവഹിച്ചു.

പഴയകുന്നുമ്മേൽ
പഴയ കുന്നുമ്മേലിൽ പദ്ധതിയുടെ ഉദ്ഘാടന പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ കെ രാജേന്ദ്രൻ നടത്തി.

നാവായിക്കുളം
നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ വെട്ടിയറ ഗവ എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ബേബി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിവിധ കലാപരിപാടികൾ നടന്നു.

മടവൂർ
മടവൂർ ഗ്രാമപഞ്ചായത്തിൽ അധ്യക്ഷനായ ബിജുകുമാർ സി.എൻ.പി.എസ്.ജി.എൽ.പി.എസിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. പി റ്റി എ വൈസ് പ്രസിഡൻ്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു പ്രഥമാധ്യാപിക സീന സ്വാഗതവും സ്കൂൾ അധ്യാപകൻ അരുൺ നന്ദിയും പറഞ്ഞു. സ്കിറ്റ്, ആക്ഷൻ സോങ് ,തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

കിളിമാനൂർ
കിളിമാനൂർ പഞ്ചായത്ത് തലം ഗ്രാമപഞ്ചായത്തംഗം കുമാരി കെ ഗിരിജ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എം സി ചെയർമാൻ, സീനിയർ അസിസ്റ്റന്റ് ഗീതാഞ്ജലി റ്റി എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക എസ് ലത സ്വാഗതവും അധ്യാപിക മാളു എൽ നന്ദിയും പറഞ്ഞു. ഹലോ ഇംഗ്ലീഷിന്റെ തീം സോങ്ങ് കുട്ടികൾ അവതരിപ്പിച്ചു.