എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.ശിവൻകുട്ടി

 

സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എല്ലാ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ പ്രവർത്തിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതിനാലാണ് ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ സ്‌കൂളുകളിലേക്ക് പ്രവേശനത്തിനെത്തിയെതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മിതൃമ്മല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിലേയും മിതൃമ്മല ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലേയും ബഹുനില മന്ദിരങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വാമനപുരം എം.എൽ.എ ഡി.കെ മുരളിയുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും മണ്ഡലത്തിലെ 11 സ്‌കൂളുകൾക്കായി അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫും ഓൺലൈനായി മന്ത്രി നിർവഹിച്ചു.

ഹൈടെക് ക്ലാസ്സ് മുറികളും മികച്ച ലൈബ്രറികളും അധ്യാപകരും പഠനാന്തരീക്ഷവും ഇപ്പോൾ പൊതുവിദ്യാലയങ്ങളിലുണ്ടെന്നും മിതൃമ്മല സ്‌കൂളുകളും ഇത്തരത്തിൽ മാതൃകയാകട്ടെയെന്നും ചടങ്ങിൽ മന്ത്രി ആശംസിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ കെട്ടിടം നിർമിച്ചത്. 2018-19ലെ സർക്കാരിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർമിച്ച കെട്ടിടത്തിനായി 1.49 കോടി രൂപയാണ് ചെലവായത്.

ഗവ. ജി.എച്ച്.എസ്.എസ് മടത്തറ കാണി, ജി.യു.പി.എസ് പൊന്മുടി, ജി.എൽ.പി.എസ് ചുള്ളിമാനൂർ, ജി.എൽ.പി.എസ് നെടുങ്കൈത, ജി.എൽ.പി.എസ് കരിമൺകോട്, ജി.യു.പി.എസ് ആട്ടുകാൽ, ജി.എൽ.പി.എസ് ആനാട്, ജി.യു.പി.എസ് ആലന്തറ, ജി.എൽ.പി.എസ് പച്ച, ജി.എൽ.പി.എസ് ഭരതന്നൂർ, ജി.യു.പി.എസ് രാമപുരം എന്നീ സ്‌കൂളിലേക്ക് ബസ് വാങ്ങുന്നതിനായി 1.65 കോടി രൂപയാണ് ഡി.കെ മുരളി എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് അനുവദിച്ചത്.

ഡി. കെ മുരളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി, വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം റാസി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്‌കൂൾ പ്രഥമാധ്യാപകർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു