വിളപ്പിൽശാല, മലയിൻകീഴ്, മാറനല്ലൂർ, വിളവൂർക്കൽ ഗവ. ആശുപത്രികളിൽ കുട്ടികൾക്ക് വാക്സിൻ നൽകി

 

വിളപ്പിൽശാല, മലയിൻകീഴ്, മാറനല്ലൂർ, വിളവൂർക്കൽ ഗവ. ആശുപത്രികളിൽ കുട്ടികൾക്ക് വാക്സിൻ നൽകി. മാറനല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കൊവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്ത 100 പേരിൽ 90 പേരും സ്പോർട്ട് രജിസ്റ്റർ ചെയ്ത 50 പേർക്കും വാക്സിനെടുത്തു.

മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 205 പേർ ഓൺലൈനായും സ്പോർട്ട് രജിസ്റ്റർ ചെയ്തും വാക്സിനെടുത്തു. വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 190 പേർക്ക് വാക്സിൻ നൽകി. 87 ആൺകുട്ടികളും 103 പെൺകുട്ടികൾക്കുമാണ് വാക്സിൻ നൽകിയത്.

90 പേർ ഓൺലൈനായും 50 പേർ സ്പോട്ട് രജിസ്ട്രേഷനിലൂടെയുമാണ് രജിസ്റ്റർ ചെയ്തത്. വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ 130 പേർ വാക്സിനെടുത്തു.രാവിലെ 9 മുതൽ വാക്സിൻ എടുക്കാനെത്തിയ കൗമാരക്കാരുടെയും രക്ഷിതാക്കളുടെയും തിരക്ക് ആശുപത്രികളിൽ അനുഭവപ്പെട്ടു.

ടോക്കൺ സംവിധാനം ഉപയോഗിച്ചാണ് വാക്സിനെടുക്കാനുള്ളവരെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിച്ചത്. കുട്ടികളെല്ലാം ആധാറും മറ്റ് രേഖകളും ഹാജരാക്കി വാക്സിനെടുത്ത ശേഷം അരമണിക്കൂർ നിരീക്ഷിച്ച ശേഷമാണ് ആശുപത്രി വിട്ടത്. മാറനല്ലൂരിൽ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ വാക്സിനെടുക്കാനെത്തിയ സൂര്യനാരായണിൽ നിന്ന് ആധാർ കാർഡ് വാങ്ങി വാക്സിന് തുടക്കമിട്ടു. 15 മുതൽ 18 വയസു വരെയുള്ളവർക്ക് ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വാക്സിനേഷൻ ഉണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൗമാരക്കാർക്കുള്ള വാക്സിനേഷൻ കേന്ദ്രത്തിന് മുന്നിൽ പിങ്ക് നിറത്തിലുള്ള ബോർഡ് ഉണ്ടായിരിക്കും. ഓൺലൈനായും സ്പോട്ട് രജിസ്ട്രേഷൻ വഴിയും രജിസ്റ്റർ ചെയ്യാം.