Search
Close this search box.

ഫേസ്ബുക് സൗഹൃദം പ്രണയമായി, 60 പവൻ സ്ത്രീധനം ചോദിച്ചു വാങ്ങി വിവാഹം ചെയ്തു: ഒടുവിൽ വിവാഹതട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

eiV2BIM21350

വിവാഹതട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ശ്രീനാഥ്‌ എസ് എൽ (26) ആണ് കഴിഞ്ഞദിവസം അറസ്റ്റിൽ ആയത്. മടവൂർ സ്വദേശിനിയായ യുവതി പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്. എറണാകുളം ചെങ്ങമനാട് പഞ്ചായത്തിലെ എൽഡി ക്ലർക്ക് ആണ് അറസ്റ്റിലായ ശ്രീനാഥ്‌.

മധ്യപ്രദേശിൽ നേഴ്സ് ആയി ജോലി നോക്കിയിരുന്ന മടവൂർ സ്വദേശിനിയായ പട്ടികജാതിക്കാരിയായ യുവതിയുമായി ശ്രീനാഥ്‌ 2018- ൽ ഫേസ്ബുക്ക് വഴിയാണ് സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് ഈ സൗഹൃദം പ്രണയമായി വളരുകയും യുവതിയുടെ വീട്ടിലെ നിത്യ സന്ദർശകനായി മാറുകയും ചെയ്തു. യുവതിയെ വിവാഹം കഴിച്ചു നൽകണമെന്ന് ശ്രീനാഥ്‌ യുവതിയുടെ മാതാവിനോട് ആവശ്യപ്പെടുകയും ഭിന്നജാതിയിൽ ഉള്ളവർ ആയതിനാൽ തന്റെ വീട്ടിൽ തൽക്കാലം അറിയിക്കേണ്ടതില്ലെന്നും വിവാഹശേഷം സംസാരിച്ചു നേരെ ആക്കാം എന്നും ശ്രീനാഥ് ഉറപ്പ് നൽകിക്കൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 7 ന് വിവാഹം കഴിച്ചു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് യുവതി ആവശ്യപ്പെടുകയും എന്നാൽ താലികെട്ട് 5 വർഷം വരെ നിയമവിധേയം ആണെന്നും അതിനുള്ളിൽ രജിസ്റ്റർ ചെയ്താൽ മതി എന്നുമാണ് ശ്രീനാഥ്‌ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുളത് എന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്.

സ്ത്രീധനമായി ഇയാൾ 60 പവൻ ആവശ്യപ്പെട്ടു എന്നും അത് യുവതിയുടെ വീട്ടുകാർ നൽകി എന്നും ഈ സ്വർണ്ണം യുവതിയുടെ വീട്ടിൽ സുരക്ഷിതമല്ല, ലോക്കറിൽ വയ്ക്കാം എന്നുപറഞ്ഞു കൈക്കലാക്കുകയും ചെയ്തു എന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ വീട്ടിൽ സ്ഥിരമായി താമസിച്ചുകൊണ്ട് പഞ്ചായത്തിൽ ജോലിക്ക് പോയിരുന്ന പ്രതി പിന്നീട് ജോലിതിരക്ക് പറഞ്ഞു യുവതിയുടെ അടുത്തേയ്ക്കുള്ള വരവ് കുറയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിക്ക് സംശയരോഗമാണെന്ന് പറഞ്ഞു ശകാരിക്കുകയായിരുന്നു പതിവ് എന്നും യുവതി പറയുന്നുണ്ട്. എന്നാൽ ഇയാളുടെ സുഹൃത്ത് ഇയാളുടെ ഒരു വിവാഹഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെയാണ് യുവതി താൻ ചതിക്കപ്പെട്ടത് തിരിച്ചറിയുന്നത്. ഫോട്ടോ ഉൾപ്പെടെ യുവതി ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ഇയാൾ ഇക്കാര്യം സമ്മതിക്കുന്നതും ഒപ്പം യുവതിയെ കൂടി സംരക്ഷിക്കാം എന്ന നിലപാട് ആണ് എടുത്തത്. രണ്ട് ഭാര്യമാരിൽ ഒരാൾ ആയി തുടരാൻ കഴിയില്ല എന്ന് യുവതി പറയുകയും ചെയ്തിരുന്നു.

തുടർന്ന് യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയും പ്രതിയുടെ വീട്ടിൽ സത്യം അറിയുന്നതിനായി പോകുകയും ചെയ്തു. പ്രതിയും പ്രതിയുടെ പിതാവ് ഉൾപ്പെടെ യുവതിയെ ജാതി പറഞ്ഞു ആക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തി എന്നും യുവതിയുടെ പരാതിയിൽ പറയുന്നു. വർക്കല ഡിവൈഎസ്പി നേരിട്ട് അന്വേഷിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊടുത്ത പരാതിയിൽ ജാതിപ്പേര് പറഞ്ഞു അപമാനിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പോലീസ് ഇത് കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ജാതി പറഞ്ഞു അപമാനിച്ചതിന് കടയ്ക്കൽ പോലീസിൽ വേറെ പരാതി നൽകാൻ ആയിരുന്നു യുവതിയോട് പോലീസ് നിർദ്ദേശിച്ചതെന്നും പറയുന്നു. എന്നാൽ തന്റെ ജീവിതം ഇല്ലാതാക്കിയ ശ്രീനാഥിനെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക മാത്രമാണ് തന്റെ ഉദ്ദേശം എന്നത്കൊണ്ട് തുടർ നടപടികളുമായി താൻ മുന്നോട്ട് പോയിട്ടില്ല എന്നും യുവതി ആറ്റിങ്ങൽ വാർത്ത ഡോട്ട്കോമിനോട് പറഞ്ഞു. പ്രതിയെ സംരക്ഷിക്കാനായി രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുള്ളതായും യുവതി പറയുന്നുണ്ട്. അറസ്റ്റിൽ ആയ പ്രതി കുറ്റം സമ്മതിക്കുകയും തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!