നെടുമങ്ങാട് സുഭിക്ഷ ഹോട്ടല്‍ തുറന്നു

ഒരാൾപോലും പട്ടിണി കിടക്കാൻ പാടില്ലെന്ന സർക്കാർ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് ഭക്ഷ്യ – പൊതു വിതരണ മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നവർക്ക് 600 കിലോ അരി സബ്സിഡി നിരക്കിൽ പൊതു വിതരണ വകുപ്പ് സഹായമായി നൽകിവരുന്നുണ്ടെന്നും റേഷൻ കാർഡ് ഉടമകൾക്ക് പല രീതിയിലുള്ള സൗജന്യങ്ങളും സബ്‌സിഡികളും നൽകുന്നത് തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് എത്തിക്കാനുള്ള നടപടികൾ അതിവേഗം പൂർത്തിയാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യഭദ്രത ഉറപ്പു വരുത്താനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും ”സുഭിക്ഷ’ ഹോട്ടലുകള്‍ ആരംഭിക്കുന്നത്.

നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിലാണ് പുതിയ സുഭിക്ഷ ഹോട്ടല്‍ തുറന്നത്. കൈരളി കുടുംബശ്രീ യൂണിറ്റാണ് ഹോട്ടൽ നടത്തുന്നത്. 20 രൂപ മാത്രമാണ് ഒരു ഊണിനു ഈടാക്കുന്നത്. സബ്സിഡി നിരക്കിൽ അനുവദിച്ചിട്ടുള്ള ഉച്ചയൂണിന് പുറമേ മിതമായ നിരക്കിൽ പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും സ്പെഷ്യൽ വിഭവങ്ങളും നൽകുന്നതാണ്. സുഭിക്ഷാ ഹോട്ടലുകളുടെ പ്രവർത്തന സമയം ഞായറാഴ്ച 8 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയും മറ്റു ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയുമാണ്.

നെടുമങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എസ്. ശ്രീജ അദ്ധ്യക്ഷയായ ചടങ്ങിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡി.സജിത് ബാബു, നെടുമങ്ങാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എസ്.രവീന്ദ്രന്‍, റേഷനിങ് കണ്‍ട്രോളര്‍ എസ്.കെ ശ്രീലത, മറ്റു ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.