Search
Close this search box.

വർക്കല ചാവടിമുക്കിൽ രാത്രിയിൽ വീട് ആക്രമിച്ചു പെൺകുട്ടിയെ കടത്തികൊണ്ടുപോയി, 5 പേർ അറസ്റ്റിൽ

eiXIL8643200

വർക്കല : അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ടംഗസംഘം രാത്രിയിൽ വീട് ആക്രമിച്ചു പെൺകുട്ടിയെ കടത്തികൊണ്ടുപോയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. നടയറ സ്വദേശികളായ റമീസ്(24), അമീർഖാൻ (24), അഷീബ്‌ (23), ചാവടിമുക്ക് സ്വദേശി മുനീർ (24) , ചിറയിൻകീഴ് ശാർക്കര സ്വദേശി അജയകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു.

കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലെ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും കുട്ടിയെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസും സംഘവും എത്തിയത്. മാരകായുധങ്ങളുമായി ബൈക്കുകളിൽ എത്തിയ സംഘം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും മുറികളുടെ ജനൽപാളികളുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാരെ സംഘം ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും വീടിന്റെ പിറകിലെ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കയറിയ അക്രമിസംഘം പെൺകുട്ടിയെ ഇറക്കികൊണ്ടു പോവുകയും ചെയ്തു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ക്രൂരമായി മർദ്ധിച്ചു. നാട്ടുകാർ വിവരം അയിരൂർ പോലീസിൽ അറിയിച്ചെങ്കിലും പെൺകുട്ടിയുമായി അക്രമി സംഘം കടന്ന് കളയുകയായിരുന്നു. തുടർന്ന് വീട്ടുകാരിൽ നിന്നും വിവരം ശേഖരിക്കുമ്പോൾ ആണ് പെൺകുട്ടി യുവാവുമായി പ്രണയത്തിൽ ആയിരുന്നു എന്നും കുട്ടിക്ക് 18 വയസ്സ് തികഞ്ഞതെ ഉള്ളൂ എന്നുമുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് റെമീസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും കൂടെ ഉണ്ടായിരുന്നവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെമീസിന് ഒപ്പം സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ സ്വീകരിക്കുകവാൻ രണ്ട് വീട്ടുകാരും തയ്യാറാവാത്തത് കൊണ്ട് പെൺകുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചാവടിമുക്ക് കേന്ദ്രീകരിച്ചു അക്രമ സംഭവങ്ങൾ തുടർക്കഥയാകുന്നു. ലഹരിയും വെട്ടും കൊലയും നിത്യ സംഭവമായി മാറുമ്പോൾ ഈ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. അടുത്ത കാലത്തായി ഇവിടെ നടന്ന അക്രമങ്ങൾ സംസ്ഥാനത്താകെ ചർച്ചാ വിഷയം ആയതാണ്. വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം പരാതിപ്പെട്ട അനു എന്ന യുവാവിനെ ക്രൂരമായി മർദിച്ചതും സ്കൂൾ പരിസരത്തു നിന്ന് കഞ്ചാവ് പിടികൂടിയതും വീടിന് സമീപത്തെ മദ്യപനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത സിഐറ്റിയു പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചതും മാതൃ സഹോദരൻ യുവതിയെ വെട്ടിക്കൊന്നതുമെല്ലാം ഈ പ്രദേശത്തെ ഒന്നടങ്കം ഭീതിയിലാക്കിയിരിക്കുകയാണ്. അതിനിടയിലാണ് വീട് ആക്രമിച്ചു പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകുന്നത്. ഈ പ്രദേശത്ത് മാത്രമായി ഒരു പോലീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടി വരുമോ എന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. ഒരേ പ്രദേശത്ത് ഇത്രത്തോളം അക്രമ സംഭവങ്ങൾ ഉണ്ടായിട്ടും പ്രതികളെ പിടികൂടുന്നതിനപ്പുറം തുടർന്നും അക്രമങ്ങൾ ഉണ്ടാവാതിരിക്കാനുള്ള പ്രത്യേക ഇടപെടലുകൾ പോലീസ് നടത്തുന്നില്ലെന്നും ആരോപണമുണ്ട്. മാത്രമല്ല, പലപ്പോഴും പ്രതികൾ ആവുന്നവർക്ക് വേണ്ടി രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നതും അക്രമങ്ങൾ വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നൈറ്റ്‌ പട്രോളിംഗ് ശക്തമാക്കണമെന്നും വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകണമെന്നും ഈ പ്രദേശങ്ങളിൽ പോലീസ് കൂടുതൽ നിരീക്ഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!