Search
Close this search box.

കായിക മേഖലയ്ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്പോർട്സ് കൗൺസിലുകളും ചേർന്ന് പ്രവർത്തിക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 

മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ സ്പോർട്സ് കൗൺസിലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. നെടുമങ്ങാട് നഗരസഭയിലെ പുലിപ്പാറ പനങ്ങോട്ടേലായിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച നീന്തൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുപ്രായത്തിൽ തന്നെ കായിക ക്ഷമതയുള്ളവരെ കണ്ടെത്തി പരിശീലനം നൽകാൻ സാധിക്കണം. കായിക ഇനങ്ങളിൽ ഗ്രേസ് മാർക്ക്‌ നേടുക എന്നതിലുപരി ദേശീയ – അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട്‌ നഗരസഭയ്ക്ക് ലഭ്യമായ പദ്ധതി വിഹിതത്തിൽ നിന്നും തനത് ഫണ്ടിൽ നിന്നും നാലര കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിലുള്ള നീന്തൽ പരിശീലന കേന്ദ്രം നിർമ്മിച്ചത്. ആദ്യഘട്ടത്തിൽ 50 മീറ്റർ നീളത്തിൽ പത്ത് ട്രാക്കുകളുള്ള നീന്തൽക്കുളം, വെള്ളം ശുദ്ധീകരിക്കാനായി മൂന്ന് ഫിൽട്രേഷൻ പ്ലാന്റുകൾ, ശുചിമുറികൾ എന്നിവയാണ് നിർമ്മിച്ചത്. ഒരേ സമയം 250 ഓളം പേർക്ക് പരിശീലനം നൽകാൻ സാധിക്കുന്ന സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗാലറി, ബേബി പൂൾ എന്നിവ ഉൾപ്പെടുന്ന രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. നഗരസഭ പരിധിയിലെ നീന്തൽ താരങ്ങൾക്ക് മികച്ച നിലവാരത്തിലുള്ള പരിശീലന കേന്ദ്രം എന്ന ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്. ഭക്‌ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. നെടുമങ്ങാട്‌ നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ക്ലബുകളിലെ നീന്തൽ താരങ്ങളുടെ പ്രദർശന നീന്തൽ മത്സരവും സംഘടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!