വയോമധുരം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പോത്തൻകോട് ബ്ലോക്ക്‌

പോത്തൻകോട് ബ്ലോക്കിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രമേഹരോഗ ബാധിതർക്ക് സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്യുന്ന ‘വയോമധുരം’ പദ്ധതി വി. ശശി എം. എൽ. എ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം വഴി ഇൻസുലിൻ വിതരണം ചെയുന്നത്.   സമൂഹത്തിൽ ഏറ്റവും അനിവാര്യമായ പദ്ധതിയാണിതെന്ന് എം.എൽ. എ പറഞ്ഞു. 36.50 ലക്ഷം രൂപയാണ് പദ്ധതി ചെലവ് .

ബ്ലോക്കിലെ അഞ്ച്  പഞ്ചായത്തുകളിലെയും  എൻ. സി. ഡി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 60 വയസ്സിനു മുകളിൽ പ്രായമുള്ള രോഗികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ നിർദ്ദേശിച്ച അളവിലുള്ള ഇൻസുലിൻ ഓരോ മാസത്തേക്കും  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നു .
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈലജ ബീഗം ഈ മാസത്തെ ഇൻസുലിൻ രോഗികൾക്ക് വിതരണം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ തൃതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും പങ്കാളികളായി.