വിതുര : കടകൾ കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വിതുര ടൗൺ കേന്ദ്രീകരിച്ച് രാത്രി യിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയായ കല്ലാർ തോട്ടരികത്ത് വീട്ടിൽ കിഷോർ ( 36 ) എന്നയാളെയാണ് വിതുര സിഐ ശ്രീജിത്ത്, എസ്ഐ സുധീഷ്, സിപിഒമാമാരായ രാജേഷ്, ഹാഷിം എന്നിവർ ചേർന്ന് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
2021 ഡിസംബർ മാസത്തിലാണ് പ്രതി വിതുര ടൗണിലെ നാലോളം വ്യാപാരസ്ഥാപനങ്ങൾ കുത്തി തുറന്ന് കവർച്ച നടത്തിയത് . ജംഗ്ഷനിലുളള ലീലാ ഹാർഡ് വെയർ എന്ന സ്ഥാപനത്തിൽ നിന്ന് പതിനായിരം രൂപയും താവയ്ക്കൽ ഹാർഡ് വെയർ എന്ന കമ്പനിയിൽ നിന്നും ഇരുപതിനായിരത്തോളം രൂപയും പ്രതി മോഷണം നടത്തുകയും സമീപത്തുളള മറ്റ് സ്ഥാപനങ്ങളിൽ മോഷണ ശ്രമം നടത്തുകയും ചെയ്തു . മോഷണം നടന്ന സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പ്രതി ഫോൺ ഓഫ് ചെയ്ത് വിവിധ ജില്ലകളിൽ ഒളിവിൽ താമസിക്കുകയായിരുന്നു . ഒരാഴ്ച മുമ്പ് പ്രതി വീണ്ടും ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം ജില്ലയിലെ പുല്ലേപ്പടി എന്ന സ്ഥലത്ത് സെക്യൂരിറ്റിയായി ഒരു കമ്പനിയിൽ ജോലി നോക്കി വരികയാണെന്ന് വിവരം ലഭിക്കുകയും അവിടെ നിന്നു പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .