നെടുമങ്ങാട് : നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് നെട്ട ഹൗസിങ് ബോർഡ് ലക്ഷ്മി വിലാസത്തിൽ അക്ഷയ് (23) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 5-ാം തീയതി വൈകുന്നേരം 6 മണിയോടുകൂടി നെടുമങ്ങാട് കുളവിക്കോണത്ത് ബഹളമുണ്ടാക്കി പൊതുജനശല്യം ഉണ്ടാക്കിയതിന് പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന് പാറാവിൽ സൂക്ഷിച്ചിരുന്ന ഇയാളുടെ പേരും വിലാസവും ചോദിച്ച ജി ഡി ചാർജിലുണ്ടായിരുന്ന സുഭാഷ് എന്ന എ.എസ്.ഐയെ യാതൊരു പ്രകോപനവും കൂടാതെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത് തടയാൻ ശ്രമിച്ച എസ്.ഐയേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരേയും ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചു. പരാതികളുമായി സ്റ്റേഷനിലുണ്ടായിരുന്ന പൊതുജനങ്ങളുടെ മുന്നിൽ വച്ചാണ് ഇയാൾ അക്രമണം നടത്തിയത്. പോലീസ് വളരെ ബുദ്ധിമുട്ടിയാണ് ഇയാളെ കിഴ്പെടുത്തിയത്. സുഭാഷിന്റെ പരാതിയിൽമേൽ സർക്കാർ ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമുള്ള വകുപ്പുൾ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെയും എസ് ഐ സുനിൽ ഗോപിയുടേയും നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.