പള്ളിക്കൽ : ബാറിലെ തർക്കത്തെ തുടർന്ന് കൊലപാതകശ്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. നാവായിക്കുളം വെട്ടിയറ നീതു നിവാസിൽ കിച്ചു എന്ന് വിളിക്കുന്ന നിതിൻ (24)ആണ് അറസ്റ്റിലായത്.
ഫെബ്രുവരി മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. നാവായിക്കുളം ഫാർമസി ജംഗ്ഷനിലുള്ള ബാറിൽ വച്ച് പ്രതിയും സലിം എന്നയാളും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. തുടർന്ന് സലീമിന്റെ മൊബൈൽ ഫോൺ നിതിൻ പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്തു. ഈ മൊബൈൽ ഫോൺ തിരികെ വാങ്ങാനായി സലീമിന്റെയും പ്രതിയുടെയും സുഹൃത്തായ നാവായിക്കുളം ആലുംകുന്ന് സ്വദേശി വിപിൻ പോളച്ചിറ അപ്പൂപ്പൻ കാവിനു സമീപമുള്ള തെങ്ങിൽ പുരയിടത്തിൽ ചെന്നപ്പോൾ ആണ് സംഭവം. വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആദ്യം വിപിന്റെ തുടയിലും
തുടർന്ന് വയറ്റിലും കുത്തി. ആക്രമണത്തിൽ കാലിൻറെ പ്രധാന ഞരമ്പ് മുറിയുകയും വിപിന്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് പ്രതിയുടെ സുഹൃത്തുക്കളാണ് വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോൺക്രീറ്റ് പണിക്കിടെ കമ്പി കുത്തിക്കയറിയത് ആണെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. രണ്ടാമത്തെ ദിവസം വിപിന് ബോധം വീണപ്പോഴാണ് യഥാർത്ഥ സംഭവം പുറത്തറിയുന്നതും പള്ളിക്കൽ പോലീസിൽ പരാതി നൽകി. ഈ സമയത്തിനുള്ളിൽ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചാവർകോട് ഉള്ള ഒരു വീട്ടിൽ നിന്നും പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
പത്തോളം കൊലപാതകശ്രമം കേസുകളിലും ബോംബേറ് കേസിലും പ്രതിയാണ് നിതിൻ. ഇയാൾ ലഹരി വസ്തുക്കൾക്ക് അടിമയാണെന്നും പ്രദേശത്തെ ജനങ്ങൾ എല്ലാം ഇയാളെ ഭയപ്പെടേണ്ട സാഹചര്യമായിരുന്നെന്നും സ്ത്രീകളും കുട്ടികളും വഴി നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും കല്ലമ്പലം പോലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളാണ് പ്രതിയെന്നും പോലീസ് പറഞ്ഞു.
ബാറിലെ പിടിച്ചുപറിക്കും പോലീസ് കേസെടുത്തിട്ടുണ്ട്. കുത്താൻ ഉപയോഗിച്ച കത്തിയും പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്. ഐമാരായ സഹിൽ എം, ബാബു, സിപിഒമാരായ അജീസ്,ഷമീർ, ജയപ്രകാശ്, സത്യജിത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.