മംഗലപുരം: റബ്ബർ മോഷണകേസ്സിലെ പ്രതി മംഗലപുരം പോലീസിന്റെ പിടിയിൽ. വലിയമല പോലീസ് സ്റ്റേഷൻ അതിർത്തിയിലെ മന്നൂർകോണം എകെജി നഗർ നാലുസെന്റ് കോളനിയിൽ അബ്ദുൽറഹീമി(55)നെയാണ് മംഗലപുരം പോലീസ് പിടികൂടിയത്.
2022 ഫെബ്രുവരി 23ന് രാത്രി 10 മണിക്ക് മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചെമ്പകമംഗലത്ത് മോഹനൻ എന്ന ആളുടെ തിരുവോണം വീട്ടിൽ നിന്നും റബ്ബർ ഷീറ്റുകൾ മോഷണം ചെയ്ത് ബൈക്കിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിച്ചത് നാട്ടുകാർ കണ്ടതിനെ തുടർന്ന് ബൈക്കുപേക്ഷിച്ചു രക്ഷപ്പെട്ട പ്രതിയെ മോഷണം ചെയ്തെടുത്ത മോട്ടോർസൈക്കിളിൽ പോകവേയാണ് മംഗലാപുരം പോലീസ് പിടികൂടിയത്.
ആറ്റിങ്ങൽ കോടതിവളപ്പിൽനിന്നും ഫെബ്രുവരി 17ന് മോഷ്ടിച്ച മോട്ടോർസൈക്കിളിലാണ് പ്രതി റബ്ബർ ഷീറ്റ് മോഷണത്തിന് എത്തിയത്. അതെ സമയം ഫെബ്രുവരി 23ന് വിതുര കലിങ്ക് ജംഗ്ഷനിലുള്ള സൂപ്പർമാർക്കറ്റിന്റെ മുന്നിൽനിന്നും മോഷ്ടിച്ച ബൈക്കിൽ വന്നപ്പോഴാണ് പ്രതി അറസ്റ്റിലായത്. റബ്ബർ മോഷണം ചെയ്ത സമയം പ്രതി ഉപേക്ഷിച്ചുപോയ മോട്ടോർ സൈക്കിളിൽ ഉണ്ടായിരുന്ന വിതുരയിലെ ഒരു ഫുട് വെയർ കടയിലെ കവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി ഈ കടയിൽ നിന്നും ചെരുപ്പ് വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. അബ്ദുൽ റഹീമിന് ആറ്റിങ്ങൽ, അയിരൂർ, വലിയമല, മംഗലപുരം , തമ്പാനൂർ എന്നീ വിവിധ സ്റ്റേഷനുകളിലായി 30 ഓളം മോഷണകേസുകൾ ഉണ്ട്. ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ആദ്യം മോട്ടോർസൈക്കിൾ മോഷണം ചെയ്തെടുത്ത ശേഷം മോട്ടോർസൈക്കിളുമായി റബ്ബർ മോഷണത്തിനിറങ്ങുകയാണ് പതിവ് . തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും മോട്ടോർസൈക്കിൾ മോഷണം ചെയ്തെടുത്ത കേസിൽ ശിക്ഷകഴിഞ്ഞു ഈ അടുത്തകാലത്താണ് ഇയാൾ ജയിലിൽനിന്നും പുറത്തിറങ്ങിയത് . ജയിലിൽ നിന്നും അടുത്ത കാലത്തായി പുറത്തിറങ്ങിയവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ച് പരിശോധിച്ചിരുന്നു . ജില്ലയുടെ പല ഭാഗങ്ങളിലായി മോട്ടോർ സൈക്കിളും റബ്ബർ ഷീറ്റുകളും മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യാഗോപിനാഥ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബു , മംഗലാപുരം ഐഎസ്എച്ച്ഒ സജീഷ് എച്ച്.എൽ , എഎസ്ഐ മാരായ ഫ്രാങ്ക്ളിൻ , ജയൻ , സിപിഒ മാരായ ശ്രീജിത്ത് , അരുൺ , വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.