വെഞ്ഞാറമൂട് : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കടയ്ക്കൽ ഇത്തിവാ പോങ്ങ് മല കൃഷ്ണ കൃപയിൽ ബിച്ചുവിജയൻ (30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ചിലാണ് പിരപ്പൻകോട് ശാഖയിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് ഏഴ് ലക്ഷത്തിൽപരം രൂപ തട്ടിയെടുത്തത്. പണയം വച്ചപ്പോഴുള്ള പരിശോധനയിൽ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിൽ നിന്ന് വന്ന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇത് തിരിച്ചറിഞ്ഞത്. വെഞ്ഞാറമൂട് പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇന്നലെ രാവിലെ വെഞ്ഞാറമൂട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പ്രതിയെ എസ്.ഐ തമ്പി കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ബ്രാഞ്ച് മാനേജരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.