അഞ്ചുതെങ്ങ് : തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഇരുട്ടിലായിട്ട് മാസങ്ങൾ പിന്നിടുന്നതായി പരാതി. നെടുങ്ങണ്ട മുതൽ അഞ്ചുതെങ്ങ് വരെയുള്ള പ്രധാന കവലകളിൽ ഒന്നും തന്നെ തെരുവ് വിളക്ക് കത്തുന്നില്ല. ഇതോടെ അഞ്ചുതെങ്ങ് പ്രദേശം ഇരുട്ടിലാണ്. നാട്ടുകാരുടെ പരാതി പഞ്ചായത്ത് ചെവികൊള്ളുന്നില്ലെന്നും പഞ്ചായത്ത് അധികാരികൾ ഇരുട്ടിൽ തപ്പുകയാണെന്നും ആരോപണമുണ്ട്. ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുകയാണ്. പ്രദേശത്ത് കഞ്ചാവും മയക്കുമരുന്നും നല്ല രീതിയിൽ പുകയുന്നതായി ആക്ഷേപമുണ്ട്. കഞ്ചാവ് മാഫിയ അഞ്ചുതെങ്ങിനെ കൈക്കലാക്കിയിരിക്കുകയാണ്. നെടുങ്ങണ്ട, കോവിൽ തോട്ടം, കായിക്കര മീരാൻ കടവ് പാലം, തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുകയാണ്. ഇരുട്ടിന്റെ മറവിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തികൾ അവസാനിക്കാനും കഞ്ചാവിൽ നിന്ന് നാടിനെ രക്ഷിക്കാനും അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് ആക്ട് പ്രകാരം തെരുവുവിളക്കുകൾ പ്രകാശിപ്പിച്ച് വെളിച്ചം നൽകേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്. അത് നടപ്പിലാക്കാത്ത പഞ്ചായത്ത് സമിതിക്കെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് സി.പി.ഐ(എം) ഏരിയ സെൻറർ അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായ സി പയസ്, സി.പി.ഐ(എം )ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി.ഐ(എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ലൈജു എന്നിവർ സംയുക്തമായി അറിയിച്ചു.
അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ പറഞ്ഞത് :
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ കത്താത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്തായി കേന്ദ്ര സർക്കാർ അഞ്ചുതെങ്ങ് പഞ്ചായത്തിൽ കേബിൾ പദ്ധതി നടപ്പിലാക്കി. അതോടെ എല്ലാ കണക്ഷനും ബോക്സിലോട്ട് മാറ്റി. എന്നാൽ തെരുവ് വിളക്കുകളുടെ ലൈൻ ഒന്നും ബോക്സിൽ കൊടുത്തിട്ടുമില്ല. അതിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ കെഎസ്ഇബിയെ നിരന്തരം ബന്ധപ്പെടാറുണ്ട്. മാത്രമല്ല അടിക്കടി തെരുവ് വിളക്കുകൾ മിഴി അടയ്ക്കുന്നതിനാൽ പുതിയ പ്രോജെക്ടിൽ ഉൾപ്പെടുത്തി സമീപ പഞ്ചായത്തുകൾ ചെയ്യുന്ന പോലെ ലൈസൻസ് ഉള്ള ഒരു ഏജൻസിക്ക് തെരുവ് വിളക്കിന്റെ മെയ്ന്റനൻസും മറ്റും ഏൽപ്പിക്കാൻ ഒരുങ്ങുകയാണ്. അതോടെ തെരുവ് വിളക്കുകളുടെ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരമാകും. മാത്രമല്ല കെഎസ്ഇബിയും വേണ്ട സഹായങ്ങൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ തെരുവ് വിളക്ക് കത്താത്ത വിഷയം പരിഹരിക്കാൻ കഴിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞു.