നാവായിക്കുളം പഞ്ചായത്തിലെ പലവക്കോട് വാർഡിൽപ്പെട്ട പീപ്പിൾ തൊഴിൽ യൂണിറ്റ് അടഞ്ഞനിലയിൽ.നിരവധി കുടുംബശ്രീ പ്രവർത്തകർക്ക് തൊഴിൽ നൽകേണ്ട സ്ഥാപനമാണ് പന്ത്രണ്ട് വർഷമായി അടഞ്ഞുകിടക്കുന്നത്. മാർക്കറ്റിങിലെ പരാജയമാണ് പ്രസ്ഥാനത്തിന് തിരിച്ചടിയായത്. 2008-ൽ നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലാണ് അച്ചാർ നിർമാണ യൂണിറ്റായി പ്രവർത്തനമാരംഭിച്ചത്. ഒരു വർഷത്തോളം അച്ചാറും പലഹാരങ്ങളും നിർമിച്ച് മികച്ച പ്രവർത്തനം കാഴ്ച്ച വച്ചു.2010 ൽ ജില്ല പഞ്ചായത്ത് ഫണ്ടിൽ നിന്നും കെട്ടിട നിർമാണത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.മരുതിക്കുന്ന് തോളൂർ മാർക്കറ്റിനുള്ളിൽ പഞ്ചായത്ത് ഭൂമിയിലെ പത്ത് സെൻറിൽ കെട്ടിടം നിർമിച്ച് യൂണിറ്റിൻ്റെ പ്രവർത്തനം അവിടേക്ക് മാറ്റി. ഉദ്ഘാടത്തിന് ശേഷം ആറു മാസമാണ് യൂണിറ്റ് പ്രവർത്തിച്ചത്. പഞ്ചായത്തിലെ കുടുംബശ്രീയിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം വനിതകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനുള്ള പരിശീലനവും നൽകി. യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള നടപടികൾ ജില്ല പഞ്ചായത്തിൻ്റെ മേൽ നോട്ടത്തിൽ നടന്നു. യന്ത്രങ്ങൾ ഫിറ്റ് ചെയ്ത് ആറുമാസം അച്ചാർ നിർമാണം നടന്നെങ്കിലും അതിന് വിപണി കണ്ടെത്തി വിൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് യൂണിറ്റിൻ്റെ പ്രവർത്തനം നിലച്ചു. ലക്ഷങ്ങൾ വിലവരുന്ന യന്ത്രങ്ങളും കെട്ടിടവും വെറുതെ കിടന്നു നശിക്കുന്നു. യൂണിറ്റിൻ്റെ പ്രവർത്തനം തുടങ്ങുന്നതിന് യാതൊരു നടപടിയും അധികൃതർ കൈക്കൊണ്ടില്ല. നാട്ടിലെ പ്രധാന പ്രദേശത്ത് അംഗനവാടിയോട് ചേർന്നുള്ള ആ ബിൽഡിംഗ് ജനോപകാരപ്രദമായ എന്തെങ്കിലും സ്ഥാപനമാക്കി പ്രവർത്തനം തുടങ്ങണം എന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം. കൂടാതെ അച്ചാർ യൂണിറ്റിന്റെ പേരിൽ നടന്ന വൻ അഴിമതി നടന്നിട്ടുണ്ടെന്നും നാട്ടുകാർ ആരോപ്പിക്കുന്നു.