പ്രതിമാസം 5,000 രൂപ വീതം സർക്കാരും സ്ഥാപന ഉടമയും നൽകും
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ് പരിപാടി ഈ വർഷംതന്നെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പഠനം പൂർത്തിയാക്കിയ ഉടൻ ചെറുപ്പക്കാർ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാൻ ഇതു വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പോളിടെക്നിക് കോളജുകളിൽ നടപ്പാക്കുന്ന ‘ഇൻഡസ്ട്രി ഓൺ ക്യാംപസ് ഇൻ പോളിടെക്നിക്സ്’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉപരിപഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന അഭ്യസ്തവിദ്യരായവർക്ക് ഏതു സ്ഥാപനത്തിലും ജോലി ചെയ്യാൻ കഴിയുംവിധമാണ് ഇന്റേൺഷിപ്പ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്റേൺഷിപ് ചെയ്യുന്നവർക്കു സർക്കാർ പ്രതിമാസം 5,000 രൂപ വീതം നൽകും. ചുരുങ്ങിയത് ഇത്രയും തുകയോ ഇതിൽ കൂടുതലോ സ്ഥാപന ഉടമയും നൽകണം. പഠനം പൂർത്തിയാക്കിയിറങ്ങുന്നവർ തുടക്കത്തിൽ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാൻ പ്രയോജനംചെയ്യുന്ന പദ്ധതിയാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വിദ്യാർഥികൾ ആർജിക്കുന്ന അറിവിനെ, സമൂഹത്തിനു പ്രയോജനപ്രദമായ നൂതന ആശയങ്ങളാക്കിമാറ്റണം. പോളിടെക്നിക്കുകളിൽ ആരംഭിക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാംപസ് പരിപാടി ഈ ലക്ഷ്യത്തോടെയുള്ളതാണ്. പാഠ്യപദ്ധതിക്ക് അനുസൃതമായി ക്യാംപസുകളിൽ വ്യവസായങ്ങളുടെ യഥാർഥ മാതൃക സൃഷ്ടിച്ച് വിദ്യാർഥികൾക്കു പ്രായോഗിക അറിവ് ആർജിക്കാനുള്ള അവസരമൊരുക്കുകയെന്നതും ഇതിന്റെ ഭാഗമായുണ്ട്. സംസ്ഥാനത്തെ 41 സർക്കാർ പോളിടെക്നിക്കുകളിലായി 6.5 കോടിയുടെ പദ്ധതിയാണ് ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്നത്. സി.എൽ.സി, വെർട്ടിക്കൽ വെൽഡിങ്, ലേസർ കട്ടർ, വെൽഡിങ് സ്റ്റേഷൻ, റോബോട്ടിക്സ് ലാബ് തുടങ്ങിയ ഉയർന്ന നിലവാരത്തിലുള്ള ഉപകരണങ്ങൾ, ആധുനിക യന്ത്രങ്ങൾ തുങ്ങിയവ ഇതിന്റെ ഭാഗമായി പോളിടെക്നിക്കുകളിൽ സജ്ജമാക്കും.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വലിയ ഇടപെടലാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു വർഷംകൊണ്ട് നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ 20 ലക്ഷം തൊഴിലുകൾ ലഭ്യമാക്കും. മറ്റൊരു 20 ലക്ഷം കേരളത്തിലെ കാർഷിക, വ്യാവസായിക, നൂതന വ്യവസായ സംരംഭങ്ങളിലൂടെയും പ്രാവർത്തികമാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും, ഓരോ മണ്ഡലത്തിലും നൈപുണ്യ വികസനത്തിനുള്ള സ്‌കിൽ പാർക്കുകൾ വരും. സംസ്ഥാനതലത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങളും ഇതിനൊപ്പം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിൽ മേഖലയ്ക്ക് ആവശ്യമായതെന്താണെന്ന് പഠനത്തിനിടയിൽത്തന്നെ വിദ്യാർഥികളെ ബോധ്യപ്പെടുത്താൻ ‘ഇൻഡസ്ട്രി ഓൺ ക്യാംപസ്’ പരിപാടിക്കു കഴിയുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കാലത്തിന് ആവശ്യമായ സ്‌കില്ലുകൾ വിദ്യാർഥികൾക്കു പകർന്നു നൽകാനും വ്യവസായ മേഖലയ്ക്ക് ആവശ്യമായ രീതിയിൽ അവരുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാനും ഇതിലൂടെ സാധിക്കും. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു തൊഴിൽ ഉറപ്പാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കരിയർ ഓൺ ക്യാംപസ് പരിപാടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ പോളിടെക്നിക് കോളജിൽ നടന്ന ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ എസ്. കുമാരി, അസാപ് ചെയർപേഴ്സൺ ഡോ. ഉഷ ടൈറ്റസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.പി. ബൈജുഭായി തുടങ്ങിയവർ പങ്കെടുത്തു.