മുദാക്കൽ: മുദാക്കൽ പഞ്ചായത്ത് 20ആം വാർഡിൽ അവനവഞ്ചേരി ടോൾമുക്കിൽ ഓട്ടോ ഡ്രൈവറായ താഹയുടെ മുഹബത്ത് വീട്ടിലാണ് ശക്തമായ ഇടിയിലും മിന്നലിലും നാശം സംഭവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2:45ഓടെയാണ് സംഭവം. താഹയുടെ ഭാര്യ വീടിനു പുറത്ത് നിൽക്കുകയും താഹയും മകളും ഹാളിൽ ഇരിക്കുകയുമായിരുന്നു. പെട്ടെന്ന് ഉണ്ടായ ഇടിയിലും മിന്നലിലും ഉഗ്രശബ്ദം കേൾക്കുകയും താഹയും മകളും പുറത്തേക്ക് ഉറങ്ങുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ മൂവരും കുറച്ചു നേരം പരിഭ്രാന്തരായി നിന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന് നാശം സംഭവിച്ചത് മനസ്സിലാക്കുന്നത്. വീട്ടിലുള്ള ഇലക്ട്രിസിറ്റി മീറ്ററും വയറിങും കത്തി പോയി. മീറ്റർ ബോർഡിലെ ഫ്യൂസുകൾ പൊട്ടിത്തെറിച്ചു. വീട്ടിലെ സ്വിച്ച് ബോർഡുകളും പൊട്ടിത്തെറിച്ചു. കെട്ടിടത്തിന്റെ വിവിധ സ്ഥലങ്ങളിൽ പൊട്ടലും സംഭവിച്ചിട്ടുണ്ട്.ആളപായമില്ല.