കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ ഉത്തരംകോട് മലവിളയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വീടിന് നേരെ കല്ലേറുണ്ടായി. മറ്റൊരു വീട്ടിലുണ്ടായ അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കുപറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റിച്ചൽ മലവിള പോങ്ങുംകുഴി റോഡരികത്തുവീട്ടിൽ സന്ദീപ് (25), കുറ്റിച്ചൽ വില്ലുചാരി കുന്നിൽ വീട്ടിൽ ജോസ്(46) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്. വ്യാഴാഴ്ച രാത്രി 10.30തോടെ മലവിള പോങ്ങുംകുഴി സ്വദേശി പ്രസാദിന്റെയും കിരണിന്റെയും വീടുകളിലാണ് അക്രമം നടന്നത്. പ്രസാദിന്റെ ഭാര്യ സബിത, മക്കളായ നിതിൻ, നിഷ എന്നിവരെ പരിക്കുകളോടെ ആര്യനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെപ്പറ്റി നെയ്യാർഡാം പൊലീസ് പറയുന്നത് : നെടുമങ്ങാട് സ്വദേശിയായ അനീഷ്, മലവിള പോങ്ങുംകുഴിയിലെ സഹോദരിയുടെ വീട്ടിലാണ് കുറച്ചുദിവസമായി താമസിക്കുന്നത്. ഇയാളും അയൽവാസിയായ കിരണും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നു. നാല് ദിവസം മുൻപ് ഒരു വിവാഹ വീട്ടിൽ വച്ച് ഇവർ തമ്മിൽ വഴക്കുണ്ടാവുകയും അനീഷിനെ കിരണും സംഘവും ചേർന്ന് കുറ്റിച്ചൽ വച്ച് മർദ്ദിക്കുകയും ചെയ്തു.വ്യാഴാഴ്ച രാത്രി 10.30തോടെ അനീഷും സുഹൃത്തുക്കളും മൂന്ന് ബൈക്കുകളിലായി എത്തി കിരണിന്റെ വീട്ടിലേക്ക് കല്ലെറിഞ്ഞ ശേഷം രക്ഷപ്പെട്ടു. പിന്നാലെ കിരണും സുഹൃത്തുക്കളും ചേർന്ന് അനീഷിന്റെ ബന്ധു പ്രസാദിന്റെ വീട്ടിൽ അതിക്രമിച്ചു കയറി എല്ലാവരെയും കൈയേറ്റം ചെയ്യുകയായിരുന്നു.പുലർച്ചേ മലവിളയിൽ ഒരു വീടിന് നേരെ കഞ്ചാവ് മാഫിയ സംഘം ബോംബേറ് നടത്തിയെന്നായിരുന്നു പ്രചരിച്ചത്. എന്നാൽ നെയ്യാർഡാം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീടുകയറി ആക്രമണവും കല്ലേറും നടന്നതായി കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തിൽ ഇരു വിഭാഗങ്ങൾക്കുമെതിരെ കേസെടുത്തതായി ഇൻസ്‌പെക്ടർ ബിജോയ് അറിയിച്ചു.