വിളപ്പിൽ: കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളപ്പിൽ വെളൈക്കടവ് ഭാഗത്തെയും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ മൂന്നാംമൂട് നെട്ടയം ഭാഗങ്ങളെയും ബന്ധിപ്പിച്ച് കരമന ആറിന് കുറുകെ നിർമ്മിക്കുന്ന മേലെകടവ് പാലത്തിന് ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. 36.15 മീറ്റർ വീതം നീളമുള്ള മൂന്ന് സ്പാനുകളിലായി ആകെ 109 മീറ്റർ നീളവും 7.5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. 5.25 മീറ്റർ വീതിയിൽ വാഹന സഞ്ചാര പാതയും 1.5 മീറ്റർ വീതിയിൽ ഒരു വശത്ത് ഫുട്പാത്തും ഉൾപ്പെടുന്നുണ്ട്. പ്രകൃതി മനോഹരമായതും ടൂറിസം സാധ്യതയുള്ളതുമായ പ്രസ്തുത പ്രദേശത്ത് പാലം വരണമെന്ന വിളപ്പിൽ സ്വദേശികളുടെ ആഗ്രഹമാണ് ഇതുവഴി സാധ്യമാകുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.