അഞ്ചുതെങ്ങ് : തീരദേശ മേഖലയായ അഞ്ചുതെങ്ങിൽ അംഗീകൃത പൊതു മാർക്കറ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ മാർക്കറ്റ് ഇല്ലാത്തതിനാൽ ജനങ്ങൾ വലിയ ദുരിതത്തിലാണ്. റോഡിന്റെ ഇരുവശങ്ങളിലും മാർക്കറ്റ് പോലെ കച്ചവടക്കാർ ഇടം പിടിക്കുന്നത് പതിവ് കാഴ്ചയാണ്. രാവിലെ റോഡിന്റെ വശങ്ങളിൽ കച്ചവടക്കാർ ഒത്തുകൂടുന്നത് വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും, തൊഴിലാളികളും, വ്യാപാരികളും, ഓട്ടോ, ബസ് വാഹനങ്ങളും കാൽ നടയാത്രക്കാരും എല്ലാവരും ഒത്തുകൂടുന്ന പ്രദേശങ്ങളിൽ വഴിയോര കച്ചവടം ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഇതെല്ലാം കണ്ടിട്ടും കാണാത്ത പോലെ പഞ്ചായത്ത് അധികൃതർ കണ്ണടച്ച് ഇരുട്ടാക്കുന്നെന്നാണ് ആക്ഷേപം. എത്രയും വേഗം മാർക്കറ്റ് വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ പറഞ്ഞത് :
മുൻപ് വഴിയോര മത്സ്യ കച്ചവടം പഞ്ചായത്ത് പൂർണമായും നിരോധിച്ചിരുന്നു. ഇപ്പോൾ പെരുമാറ്റ ചട്ടം നില നിന്ന സാഹചര്യത്തിൽ അത്തരം വിഷയങ്ങളിൽ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല. വഴിയോര മത്സ്യ കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന, ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള എല്ലാ വഴിയോര കച്ചവടങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. പൊതു മാർക്കറ്റ് എന്നത് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ്. എന്നാൽ അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ജനങ്ങൾക്ക് എളുപ്പത്തിൽ വന്നു പോകാൻ കഴിയുന്ന സ്ഥലത്ത് ആണ് മാർക്കറ്റ് വേണ്ടത്. എന്നാൽ വളരെ ചുരുങ്ങിയ പ്രദേശം മാത്രം ഉൾപ്പെടുന്ന അഞ്ചുതെങ്ങിൽ വിശാലമായ ഒരു മാർക്കറ്റിനു സ്ഥലം ഉണ്ടോ എന്ന് സംശയമുണ്ട്. എന്തായാലും മാർക്കറ്റ് സ്ഥാപിക്കാനുള്ള പദ്ധതികളെ കുറിച്ച് പഠനം നടത്തി വരുന്നതായും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞു.