നെടുമങ്ങാട് :ബസ് യാത്രക്കാരിയുടെ സ്വർണമാല പിടിച്ചു പറിച്ച തമിഴ്നാട്ടുകാരായ അമ്മയും മകളും അറസ്റ്റിൽ. തിരിപ്പൂർ ചിന്നപാളയം ഗണപതി കോവിൽ തെരുവ് വീട്ടുനമ്പർ 35ൽ ചിന്നമ്മ മകൾ സബിത(47), സബിതയുടെ മകൾ അനുസിയ(25) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ 11.45 മണിയോടുകൂടി നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്കു പോയ കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായിരുന്ന കല്ലിയോട് സ്വദേശിനി നസീമ ബീവിയുടെ രണ്ടര പവൻ സ്വർണമാല പിടിച്ച് പറിച്ചതിനാണ് ഇവർ അറസ്റ്റിലായതെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.സംഭവമറിഞ്ഞ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞു നിർത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ സ്വർണ മാല ഇവരിൽ നിന്നും കണ്ടെടുത്തു.
