കെ റെയിൽ വിരുദ്ധ സമരത്തിനിടെ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ ഷാബിറിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. റൂറൽ എസ്.പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്. അഖിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.സമരത്തിനിടെ കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടുന്നതിന്റെയും മുഖത്തടിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടും ഷാബിറിനെതിരായ നടപടി സ്ഥലം മാറ്റത്തിലൊതുക്കിയിരുന്നു. വകുപ്പുതല നടപടിയുടെ ഭാഗമായി ഷാബിറിനെ എ.ആർ.ക്യാമ്പിലേക്ക് മാറ്റുകയാണ് ചെയ്തത്.