വെമ്പായത്ത് നിന്ന് നാടൻ തോക്ക് പിടിച്ച സംഭവത്തിൽ പ്രതികളെ തീവ്രവാദ വിരുദ്ധസേന ചോദ്യം ചെയ്തു. മൂന്നാനക്കുഴി ബാലൻവിള സ്വദേശി അസിം (42), ആര്യനാട് സ്വദേശി സുരേന്ദ്രൻ (63) എന്നിവരാണു പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.നാല് നാടൻ തോക്കിന്റെ ഭാഗങ്ങളും വെടിയുണ്ടകളും പ്രതികളിൽനിന്നു കണ്ടെത്തിയിരുന്നു. തോക്കു നിർമാണത്തിൽ വൈദഗ്ധ്യമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. നാലു തോക്കിന്റെ ഭാഗങ്ങൾ ഉണ്ടായിരുന്നതിനാൽ വിൽപനയാണു ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ആദ്യത്തെ തവണയാണ് തോക്ക് ഉണ്ടാക്കുന്നതെന്നും വെറുതേ ഉണ്ടാക്കാൻ നോക്കിയതാണെന്നുമുള്ള പ്രതികളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
