പള്ളിക്കൽ : സഹോദരീ ഭർത്താവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.മടവൂർ ഞാറയിൽകോണം കക്കോട് സനിത മൻസിലിൽ സമീർ (35) ആണ് അറസ്റ്റിലായത്.
2022 മാർച്ച് 23നു വൈകുന്നേരം മൂന്നു മണിയോടുകൂടി ആണ് കേസിന് ആസ്പദമായ സംഭവം. പള്ളിക്കൽ റീന മൻസിലിൽ റസ്സലിനെയാണ് സമീർ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.സമീറിന്റെ സഹോദരീ ഭർത്താവ് ആണ് റസ്സൽ. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കുറച്ചുനാളുകളായി സമീർ റസ്സലുമായി വിരോധത്തിൽ കഴിഞ്ഞുവരികയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി റസ്സലിന്റെ പള്ളിക്കലുള്ള വീട്ടിൽ ആയുധവുമായി അതിക്രമിച്ച് കയറി റസ്സലിനെ മാരകമായി മർദ്ദിച്ചു. ഇതിനെ തുടർന്ന് റസ്സൽ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി ബൈക്കിൽ തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴിയാണ് സമീർ ജീപ്പുമായി വന്നു ബൈക്കിൽ ഇടിച്ചത്. റസ്സൽ ബൈക്കുമായി നിലത്ത് വീഴുകയും ചെയ്തു. തുടർന്ന് മുന്നോട്ടുപോയ ജീപ്പ് അമിതവേഗതയിൽ പുറകോട്ട് എടുത്ത് റസലിന്റെ ശരീരത്തിലേക്ക് ഓടിച്ചുകയറ്റി. പ്രാണരക്ഷാർത്ഥം എണീറ്റ് മാറിയെങ്കിലും റസലിനെ ജീപ്പ്കൊണ്ട് തൊട്ടടുത്ത വീടിൻറെ മതിലിനോട് ചേർത്ത് വെച്ചു. ഇടിയുടെ ആഘാതത്തിൽ റസലിൻറെ വലതുകാൽ പൂർണമായും തകർന്നു. റസലിന്റെ ബൈക്കും തകർന്നു. തുടർന്ന് വീണ്ടും സമീർ ഇടിക്കാൻ ശ്രമിക്കുകയും ഓടിക്കൂടിയ നാട്ടുകാർ റസലിനെ രക്ഷപ്പെടുത്തുകയും ചെയ്തു. സമീർ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പരിക്കുപറ്റിയ റസലിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. രക്ഷപ്പെട്ട പ്രതി സമീർ ജീപ്പ് പള്ളിക്കൽ ഭാഗത്ത് ഉപയോഗിച്ച് ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
സംഭവത്തിനുശേഷം പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് പള്ളിക്കൽ പോലീസ് കേസെടുത്തു. പ്രതി ഉപേക്ഷിച്ച വാഹനം പൊലീസ് കണ്ടെടുത്തു.ഒളിവിലായിരുന്ന പ്രതി കുളത്തൂപ്പുഴ,തെന്മല, റോസ്മല തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.ആറ്റിങ്ങൽ വാർത്ത ഡോട്ട്കോം. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പോത്തൻകോടുള്ള ഒരു ലോഡ്ജിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു.
പള്ളിക്കൽ എസ്എച്ച്ഒ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ്. ഐ മാരായ സഹിൽ എം, ബാബു, സി പി ഒ മാരായ സന്തോഷ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു