കല്ലമ്പലം : കടുവയിൽപ്പള്ളിയിലേക്ക് ബസ്സിലിരുന്ന യാത്രക്കാർ പൈസ എറിഞ്ഞത് എതിരെ വന്ന കാറിന്റെ ചില്ല് തകർത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ബസ്സിൽ ഇരുന്നവർ പൈസ എറിഞ്ഞത് നേരെ ചെന്ന് പതിച്ചത് സ്വിഫ്റ്റ് കാറിലേക്ക്. ഇതോടെ കാർ ഉടമയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കെഎസ്ആർടിസി ബസ്സിൽ ഇരുന്ന യാത്രക്കാരാണ് പൈസ എരിഞ്ഞതെന്നും ബസ്സിനെ പിന്തുടരാൻ സാധിച്ചില്ലെന്നും കാർ ഉടമ പറഞ്ഞു. വർക്കല ചിലക്കൂർ സ്വദേശി അമീന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ചില്ലാണ് തകർന്നത്.
കടുവയിൽപ്പള്ളിയിലേക്ക് പൈസ എറിയുന്നത് മൂലം ഇതിന് മുൻപും നിരവധി ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പൈസ എടുക്കാൻ നിൽക്കുന്ന പള്ളി ജീവനക്കാർക്ക് തന്നെ ഏറു കൊണ്ടിട്ടുണ്ട്. വാഹനങ്ങളിലും ആളുകളുടെ നേരെയും കല്ല് പോലെ പൈസ പായും. അഞ്ചിന്റെയും പത്തിന്റെയും കട്ടിയുള്ള തുട്ട് കൊണ്ട് കിട്ടുന്ന ഏറിനു വലിയ വിലയാവും നൽകേണ്ടി വരുന്നത്. അപകടം വരുത്തുന്ന രീതിയിൽ പൈസ എറിയാൻ പാടില്ലെന്ന മുന്നറിയിപ്പ് ബോർഡ് ഉള്ളപ്പോഴും ആളുകൾ തോന്നിയപടിയാണ് പൈസ എറിയുന്നത്.
പള്ളിയെ ബഹുമാനിക്കുന്നവർ കാണിയ്ക്കയായി പള്ളിയിലേക്ക് ഇടുന്ന പണം പണത്തെയും മറ്റുള്ളവരെയും ബഹുമാനിക്കാതെ എടുത്ത് എറിഞ്ഞാൽ അതിന് എന്താണ് ഫലം. പൈസയോടുള്ള ബഹുമാനം സൂക്ഷിച്ചു പൈസ എറിയാൻ പാടില്ല എന്ന് പറയുന്നത് മനുഷ്യനോടുള്ള ബഹുമാനം അവരെ ബുദ്ധിമുട്ടിലാക്കാൻ പാടില്ല എന്നതാണ്. പള്ളിയിലേക്ക് പൈസ എറിയുന്നത് വലിയ അപകടങ്ങൾ വരുത്തി വെയ്ക്കാൻ സാധ്യതയുണ്ട്.