ആറ്റിങ്ങൽ : ടുണീഷ്യയിൽ എണ്ണ കപ്പലിൽ നിന്ന് ആറ്റിങ്ങൽ സ്വദേശിയെ കാണാതായി. ആറ്റിങ്ങൽ സ്വദേശി അർജുൻ രവീന്ദ്രനെയാണ് കാണാതായത്. കപ്പൽ അധികൃതരുമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് അർജുന്റെ വീട്ടുകാർ ആരോപിക്കുന്നു. തിരോധാനത്തെ കുറിച്ച് കപ്പൽ അധികൃതർ കൃത്യമായി മറുപടി നൽകുന്നില്ല എന്നും കുടുംബം പറയുന്നു. വിദേശകാര്യ മന്ത്രാലയത്തിനും ടുണീഷ്യയിലെ ഇന്ത്യൻ എംബസിക്കും കുടുംബം പരാതി നൽകി.
മാർച്ച് 17നാണ് മുംബൈയിൽ നിന്ന് അർജുൻ ഇസ്താംബൂളിലേക്ക് പോകുന്നത്. എലിഫന്റ് ഓ. എൽ കാർഗോ ഷിപ്പിൽ ആണ് ഇസ്താംബുളിൽ നിന്ന് ടുണീഷ്യയിലേക്ക് യാത്രതിരിച്ചത്. എൻഎ സിനാഫ്റ്റ എന്ന ഏജൻസി വഴിയാണ് അർജുൻ ഷിപ്പിൽ ജോയിൻ ചെയ്യുന്നത്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ ആന്ധ്ര സ്വദേശിയായ സൂപ്പർവൈസറിൽ നിന്ന് മാനസികമായും ശാരീരികമായും പീഡനം എൽക്കുന്നുണ്ട് എന്ന് അർജുൻ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഏപ്രിൽ ഇരുപതാം തീയതിയാണ് അർജുൻ അവസാനമായി വീട്ടിലേക്കു വിളിക്കുന്നത്. കപ്പൽ പോർട്ടിൽ അടുത്തുവെന്നും ഇനി ഫോൺ വിളിക്കാൻ കഴിയില്ല എന്നും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഏപ്രിൽ 27ആം തീയതി സിനാഫ്റ്റാ കമ്പനിയുടെ ഏജന്റ് വീട്ടിലേക്ക് വിളിക്കുകയും അർജുൻ മിസ്സിംഗ് ആണെന്ന് അറിയിക്കുകയും ചെയ്തു. കപ്പൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അർജുൻ രക്ഷപ്പെട്ടു എന്ന രീതിയിലാണ് സംസാരിച്ചത് എന്നും കുടുംബം പറയുന്നു. മകനെ കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം ടുണീഷ്യയിലെ ഇന്ത്യൻ എംബസിക്കും കുടുംബം പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്