വർക്കല :ഒരു പ്രദേശത്ത് മാത്രം മോഷണം നടത്തുന്ന അപൂർവ മോഷ്ടാവ് വീണ്ടും അറസ്റ്റിൽ. വർക്കല കോവൂർ സ്വദേശി ശങ്കരൻ എന്നറിയപ്പെടുന്ന പ്രാദേശിക മോഷ്ടാവ് അജിത്ത് (25) ആണ് അറസ്റ്റിൽ ആയത്. ആട് , ബൈക്ക് തുടങ്ങി നിരവധി മോഷണകേസുകളിൽ പ്രതിയായ ശങ്കരൻ ഇത്തവണ അറസ്റ്റിലായത് വീട്ടിൽ കയറി സ്വർണാഭരണം മോഷ്ടിക്കാൻ ശ്രമിക്കുകയും വീട്ടുകാർ ഉണർന്നപ്പോൾ മൊബൈലുമായി രക്ഷപ്പെട്ടതിനാണ്. പാളയംകുന്ന് കോവൂരിലെ അജ്മലിന്റെ രണ്ടുനില കെട്ടിടത്തിന്റെ മുകളിലുള്ള പഗോള വഴി അകത്തു പ്രവേശിക്കുകയും മുറിക്കുള്ളിൽ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കൻ ശ്രമിക്കുകയും എന്നാൽ അനക്കം കേട്ട് വീട്ടുകാർ ഉണരുകയും ചെയ്തപ്പോൾ കയ്യിൽ കിട്ടിയ അജ്മലിന്റെ മൈബൈൽ ഫോണുമായി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ശങ്കരൻ എന്ന അജിത്ത് പ്രദേശത്തെ സ്ഥിരം മോഷ്ടാവ് ആയത് കൊണ്ട് തന്നെ പോലീസിന് അജിത്തിൽ സംശയം തോന്നിയിരുന്നു. നഷ്ടപ്പെട്ട മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ടവർ ലൊക്കേഷൻ പെരുമാതുറ ആണെന്ന് പൊലീസിന് വിവരം ലഭിക്കുകയും ചെയ്തു. പെരുമാതുറയിൽ മത്സ്യബന്ധന തൊഴിലാളി കൂടിയായ അജിത്തിനെ അയിരൂർ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അയിരൂർ പോലീസ് പരിധിയിലുള്ള കോവൂർ കേന്ദ്രികരിച്ചു മാത്രമാണ് അജിത്ത് മോഷണം നടത്താറുള്ളത്. പ്രദേശത്ത് ഒരു മോഷണം നടന്നാൽ അജിത്തിനെ ആവും അയിരൂർ പോലീസ് ആദ്യം തിരയുക. അറസ്റ്റിലായ അജിത്തിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.