മലയിൻകീഴ് : അജ്ഞാതജീവി കോഴിക്കൂട് തകർത്ത് കോഴികളെ കൊന്നു. മലയിൻകീഴ് ശാന്തുമൂല ശ്രീനാരായണ ലെയ്‌നിൽ ശാന്തിനഗറിന് സമീപം ദാസിന്റെ വീട്ടിലെ 6 കോഴികളെയാണ് അജ്ഞാതജീവി കൊന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ ദാസ് കണ്ടത് ഒരു കോഴിയെ കൊന്ന് വീടിന്റെ പടിയിലിട്ടിരിക്കുന്നതാണ്. തുടർന്ന് കിണറിന് സമീപം നോക്കിയപ്പോൾ അജ്ഞാതജീവി ഒരു കോഴിയെ കടിച്ചെടുത്ത് മതിൽ ചാടിക്കടക്കുന്നതാണ് കണ്ടത്. കൂടാതെ വീടിന്റെ പലഭാഗത്ത് കോഴികളെ കൊന്നിട്ടിരുന്നു. സ്റ്റെയറിനടിയിൽ ഇരുമ്പ് ഗ്രില്ലുകൾ കൊണ്ട് നിർമ്മിച്ച കൂട് പൊളിച്ച നിലയിലായിരുന്നു. തുടർന്ന് ഇന്നലെ വാർഡ് അംഗം കെ. അജിതകുമാരിയോട് വിവരം പറഞ്ഞു. ഇവർ സ്ഥലത്തെത്തി സമീപത്തെ സി.സി ടിവി പരിശോധിച്ചതിൽ നിന്ന് പുലിയോട് രൂപസാദൃശ്യമുള്ള ഒരു ജീവിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വിവരം പൊലീസിനെയും ഫോറസ്റ്റ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.