വെഞ്ഞാറമൂട്ടില്‍ യുവതിയ്ക്കും ഭര്‍ത്താവിനും നേരേ സദാചാര ഗുണ്ടകളുടെ ആക്രമണം. യുവതിയുടെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. 52 കാരനായ വെഞ്ഞാറമൂട് സ്വദേശി മോഹനനാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ട് മണിയോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് സമീപം വച്ചാണ് സംഭവം. ആര്യനാട് സ്വദേശികളായ ദമ്പതികള്‍ കീഴായിക്കോണത്ത് വാടക വീട്ടില്‍ താമസിച്ചു വരികയാണ്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെ ഭര്‍ത്താവ് കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയിരുന്നു. ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന മൂന്ന് പേര് ചേര്‍ന്ന് വാഹനം തടയുകയും സദാചാരം ആരോപിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു.
തങ്ങള്‍ ഭാര്യാ ഭര്ത്താക്കന്മാരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇവര്‍ കൂട്ടാക്കാതെ ചോദ്യം ചെയ്യല്‍ തുടരുകയും ഇത് എതിര്‍ത്ത ഭര്‍ത്താവിനെയും തടയാന്‍ ശ്രമിച്ച യുവതിയേയും മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം അവിടേയ്ക്ക് പൊലീസ് പട്രോളിംഗ് വാഹനം എത്തുകയും സംഘത്തില്‍പ്പെട്ട ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇതിനിടയില്‍ രണ്ടു പേര് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ദമ്പതികള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്കി.