നെടുമങ്ങാട് :കളഞ്ഞുകിട്ടിയ സ്വർണം തിരികെ നൽകി യുവാവ് മാതൃകയായി. കഴിഞ്ഞ ദിവസം രാത്രി നെടുമങ്ങാട് റാണി തീയറ്ററിൽ കുടുംബത്തോടൊപ്പം സിനിമ കണ്ട് ഇറങ്ങവേയാണ് തീയറ്ററിൽ നിന്ന് ഒരു പവനിലധികം തൂക്കമുള്ള സ്വർണ കൈ ചെയിൻ തറയിൽ കിടന്ന് പത്താംകല്ല് സ്വദേശി ബിസ്മി ജമാലിന് ലഭിക്കുന്നത്. ഉടൻ തന്നെ തീയറ്റർ ഓഫീസിലും, പൊലീസ് സ്റ്റേഷനിലും അറിയിച്ചു. ചെയിൻ നഷ്ടപ്പെട്ട അഭിലാഷ് കഴിഞ്ഞ ദിവസം തീയറ്ററിലെത്തി വിഷയം പറഞ്ഞപ്പോഴാണ് ചെയിൻ കിട്ടിയിട്ടുണ്ടെന്നും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു എന്നും മനസിലാകുന്നത്. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെയും നഗരസഭ കൗൺസിലർ ഷമീറിന്റെയും സാന്നിദ്ധ്യത്തിൽ ബിസ്മി ജമാൽ ചെയിൻ അഭിലാഷിന് കൈമാറി. നെടുമങ്ങാട് റോജ സിൽക്സിലെ ജീവനക്കാരനാണ് ബിസ്മി ജമാൽ.
